കോഴിക്കോട്: പണിപൂർത്തിയായതിന് പിന്നാലെ റോഡിന്റെ ടാറിങ് തകർന്ന സംഭവത്തിൽ രണ്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടി. കൂളിമാട് - എരഞ്ഞിമാവ് റോഡ് നിർമ്മാണത്തിന്റെ മേൽനോട്ടത്തിൽ വീഴ്ചവരുത്തിയെന്ന പൊതുമരാമത്ത് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശ പ്രകാരമുള്ള വകുപ്പുതല നടപടി.

കരാറുകാരൻ സ്വന്തം ചെലവിൽ അറ്റകുറ്റപ്പണി നടത്തണമെന്നും കരാറുകാരന്റെ ലൈസൻസ് ആറുമാസത്തേക്ക് റദ്ദാക്കാനും ശുപാർശ ചെയ്തു. മതിയായ രീതിയിൽ റോഡ് വൃത്തിയാക്കാതെ ടാർ ചെയ്തതാണ് റോഡ് പണി കഴിഞ്ഞയുടനെ തകരാൻ കാരണമെന്നാണ് വിജിലൻസ് റിപ്പോർട്ട്.

വീഴ്ച വരുത്തിയ അസിസ്റ്റന്റ് എൻജിനിയർ എ ഇ പ്രസാദ്, ഓവർസിയർ പ്രവീൺ എന്നിവരെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റും. എട്ട് കിലോമീറ്റർ റോഡിലെ 110 മീറ്റർ ഭാഗത്താണ് ടാറിങ് തകർന്നത്. ആറുകോടിയോളം രൂപ ചെലവഴിച്ചാണ് റോഡ് രണ്ടാഴ്ച മുമ്പ് ടാർ ചെയ്തത്. റോഡ് പ്രവൃത്തിയിൽ കൃത്രിമം നടന്നതായി ആരോപിച്ച് വിജിലൻസിലും പരാതിയുണ്ട്. തുടർന്ന് പൊതുമരാമത്ത് വിജിലൻസും വിജിലൻസ് ആന്റി കറപ്ഷൻസ് വിഭാഗവും പരിശോധന നടത്തിയിരുന്നു.