ശബരിമല: മണ്ഡല മകരവിളക്ക് കാലത്ത് കെ.എസ്.ആർ.ടി.സി.ക്ക് ലഭിച്ചത് 38.88 കോടിയുടെ വരുമാനം. മണ്ഡലകാലം ആരംഭിച്ചതു മുതൽ പമ്പ-നിലയ്ക്കൽ റൂട്ടിൽ ആകെ 1,37,000 ചെയിൻ സർവീസുകളും 34,000 ദീർഘദൂര സർവീസുകളും നടത്തി. ആകെ 64.25 ലക്ഷം ആളുകളാണ് കെ.എസ്.ആർ.ടി.സി.വഴി യാത്രചെയ്തത്. ജനുവരി 15-ന് മകരജ്യോതി ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങിയ അയ്യപ്പഭക്തരെയുംകൊണ്ട് വൈകീട്ട് എഴുമുതൽ ജനുവരി 16-ന് പുലർച്ചെ 3.30വരെ ഇടമുറിയാതെ പമ്പ-നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസുകൾ നടത്തി.

ഒപ്പം ചെങ്ങന്നൂർ, കോട്ടയം, കുമളി, തിരുവനന്തപുരം, തൃശ്ശൂർ തുടങ്ങിയ ഇടങ്ങളിലേക്ക് ദീർഘദൂര സർവീസുകളും നടത്തി. ശബരിമലനട അടയ്ക്കുന്ന ജനുവരി 20-ന് രാത്രിവരെ ചെയിൻ സർവീസുകളും ജനുവരി 21-ന് പുലർച്ചെ നാലുവരെ ദീർഘദൂര സർവീസുകളും ഉണ്ടായിരിക്കുമെന്ന് കെ.എസ്.ആർ.ടി.സി. പമ്പ സ്‌പെഷ്യൽ ഓഫീസർ അറിയിച്ചു.