- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
ചെട്ടിക്കുളങ്ങര: ആലപ്പുഴയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ചെട്ടികുളങ്ങരയ്ക്കടുത്ത് പത്തിയൂർ ഇടശ്ശേരി കോട്ടൂർ അമ്പലത്തിനു സമീപം കല്ലുപുരയിൽ വീട്ടിൽ തുഷാർ (15), ഇടശേരി കണ്ടത്തിൽ പറമ്പിൽ സൽമാൻ (15) എന്നിവരാണ് മരിച്ചത്. സൽമാനും തുഷാറും പത്തിയൂർ ഗവ. ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികളാണ്.
കണ്ണമംഗലം മഹാദേവ ക്ഷേത്രത്തിലെ കുളത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. സ്കൂളിൽനിന്ന് സുഗമ ഹിന്ദി പരീക്ഷയെഴുതിയ ശേഷമാണ് ഇരുവരും രണ്ടു കിലോമീറ്റർ അകലെയുള്ള ക്ഷേത്രക്കുളത്തിൽ കുളിക്കാൻ പോയത്.
പത്തോളം കൂട്ടുകാരും ഇവർക്ക് ഒപ്പമുണ്ടായിരുന്നു. തുഷാറും സൽമാനും മുങ്ങിത്താഴുന്നതു കണ്ട് കൂട്ടുകാർ ബഹളം വെക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാർ കുളത്തിലിറങ്ങി തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല.
പിന്നീട് മാവേലിക്കരയിൽനിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു.



