- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമതും കണ്ണൂരിനെ നടുക്കി പട്ടാപ്പകൽ കവർച്ച; കൊള്ളയടിച്ചത് സ്വർണവും പണവും; മോഷ്ടാക്കൾ അകത്തു കടന്നത് മുൻവാതിൽ തകർത്ത്
കണ്ണൂർ: കണ്ണൂർ നഗരഹൃദയത്തിലെ അപാർട്ട്മെന്റിൽ കവർച്ച നടന്നത് നഗരവാസികളുടെ ഉറക്കം കെുത്തുന്നു. കണ്ണൂർ-തലശേരി ദേശീയ പാതയിലെ കണ്ണോത്തും ചാലിലെ റോഡരികിലുള്ള ലൈവ് ഷോർ അപ്പാർട്ട്മെന്റിലാണ് കവർച്ച നടന്നത്. ബെല്ലാർ റോഡിലെ സ്റ്റാർ ഗോൾഡ് മാനേജിങ് ഡയറക്ടറായ നിശ്ചൽ പ്രവീൺ വസന്തിന്റെ അപ്പാർട്ട്മെന്റിലാണ് പട്ടാപ്പകൽ കവർച്ച നടന്നത്.
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും ഒന്നരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്ന് പൊലിസ് സംശയിക്കുന്നു. വീടിന്റെ മുൻവാതിൽ തകർത്താണ് കവർച്ച നടന്നത്. അടുക്കളയുടെ ഭാഗത്തുള്ള അലമാരയിലെ കിടപ്പുമുറിയിൽ സൂക്ഷിച്ച 17 പവൻ സ്വർണാഭരണങ്ങളും 54,000 രൂപയുമാണ് മോഷണം പോയത്. വീട്ടിലെ സാധന സാമഗ്രികളാകെ വാരി വലിച്ചിട്ട നിലയിലാണ്. തൊട്ടടുത്തു താമസിക്കുന്നവരുടെ അപ്പാർട്ട് മെന്റിലും മോഷണശ്രമം നടന്നിട്ടുണ്ട്. എന്നാൽ ഇവിടെ നിന്നും യാതൊന്നും നഷ്ടമായിട്ടില്ല.
26,18,700 രൂപയുടെ സ്വർണം നഷ്ടപ്പെട്ടതായി ഉടമനിശ്ചൽ പ്രവീൺ വസന്ത് പൊലിസിനോട് പറഞ്ഞു. വീട്ടുകാർ പുറത്തുപോയി മടങ്ങിവന്നപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്. സ്വർണം ഉരുക്കുന്നതിനായി കൊണ്ടുവന്ന ഒരു സ്വർണക്കട്ടി കിടപ്പുമുറിയിൽ ഉണ്ടായിരുന്നുവെങ്കിലും ഇതു നഷ്ടമായിട്ടില്ല. രണ്ടു കരിമണിമാല, കാതിലയും മാട്ടിയും രണ്ടു ചെയിനുകളും രണ്ട് ബ്രേസ്ലെറ്റുകളും രണ്ടു മോതിരവും രണ്ട് ഡയമണ്ട് മോതിരങ്ങളും 264.420 ഗ്രാംവരുന്നരണ്ട് തങ്കക്കട്ടികൾ, എന്നിവയാണ് മോഷണം പോയത്. കഴിഞ്ഞ പതിനഞ്ചുവർഷമായികണ്ണൂർ നഗരത്തിലെ ബല്ലാർഡ് റോഡിൽ സ്വർണവ്യാപാരം നടത്തിവരുന്ന നിശ്ചൽ ഇവിടെ വാടകയ്ക്കു താമസിച്ചുവരികയാണ്.
കുടുംബവുമൊന്നിച്ചു പുറത്തുപോയി വന്നതിനു ശേഷമാണ് മോഷണ വിവരമറിയുന്നത്. കണ്ണൂർ ടൗൺ എസ്. ഐ പി. പി ഷമീലിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. നിശ്ചൽ പ്രവീൺ സാമന്തിന്റെ പരാതിയിൽ പൊലിസ് കേസെടുത്തിട്ടുണ്ട്. ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. അപ്പാർട്ട്മെന്റിനുള്ളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടില്ല. കണ്ണൂർ നഗരത്തിൽ കവർച്ചകൾ വ്യാപകമായി കൊണ്ടിരിക്കുന്നത് നഗരവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫോർട്ട് റോഡിലെ കാനനൂർ ഡ്രഗ്സ് എന്ന മൊത്തമരുന്ന് വിതരണ സ്ഥാപനത്തിന്റെ ചുമർ കുത്തിതുറന്ന് ഒന്നരലക്ഷം രൂപ കവർന്നിരുന്നു. ഈ കേസിലെ പ്രതികളെ ഇനിയും കണ്ടെത്താൻ പൊലിസിന് കഴിഞ്ഞിട്ടില്ല. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതിയെ തേടി ബംഗ്ളൂരിലേക്ക് പോയിരിക്കുകയാണ് കണ്ണൂരിലെ പൊലിസ് ടീം. ഇതിനിടെയാണ് കണ്ണൂർ നഗരത്തിൽ വീണ്ടും വൻകവർച്ച നടന്നത്.




