പത്തനംതിട്ട: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുത്ത ഡി.സി.സി നേതൃയോഗത്തിൽ നിന്ന് വിട്ടു നിന്ന 15 ഡി.സി.സി ഭാരവാഹികൾക്കും 18 മണ്ഡലം പ്രസിഡന്റുമാർക്കും ഡി.സി.സി പ്രസിഡന്റ് കാരണം കാണിക്കൽ നോട്ടീസ് നൽകി. വി.ഡി. സതീശന്റെ നിർദ്ദേശ പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

സതീശന്റെ സാന്നിദ്ധ്യത്തിൻ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുവാൻ തിരുവല്ലയിൽ ചേർന്ന ഡി.സി.സി നേതൃയോഗത്തിൽ പങ്കെടുക്കാതിരുന്ന പതിനഞ്ച് ഡി.സി.സി ഭാരവാഹികൾ പതിനെട്ട് മണ്ഡലം പ്രസിഡന്റുമാർ എന്നിവർക്കാണ് കെപിസിസി നിർദ്ദേശമനുസരിച്ച് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുവാൻ ചേർന്ന വളരെ പ്രാധാന്യമുള്ള യോഗത്തിൽ മതിയായ കാരണം മുൻകൂട്ടി അറിയിക്കാതെ വിട്ടു നിന്ന സാഹചര്യം കത്ത് ലഭിച്ച് ഏഴുദിവസത്തിനകം ബോധിപ്പിക്കണമെന്നാണ് കാരണം കാണിക്കൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മതിയായ കാരണം ബോദ്ധ്യപ്പെട്ടില്ലെങ്കിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

സാധാരണ ഡി.സി.സി നേതൃയോഗം പത്തനംതിട്ടയിൽ രാജീവ് ഭവനിലാണ് ചേരാറുള്ളത്. ഇത്തവണ അത് തിരുവല്ലയിലേക്ക് മാറ്റുകയായിരുന്നു. ചിലർ അവിടെ വരെ പോകാനുള്ള മടി കൊണ്ടാണ് വിട്ടു നിന്നതത്രേ. മറ്റു ചിലർ നേതൃത്വവുമായുള്ള അകൽച്ചയുടെ ഭാഗമായിട്ടാണ് യോഗം ബഹിഷ്‌കരിച്ചത്. അംഗസംഖ്യ കുറഞ്ഞത് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചു. തുടർന്നാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ഇവർക്കെതിരേ കടുത്ത നടപടി ഉണ്ടാകാൻ സാധ്യത ഇല്ലെന്നാണ് അറിയുന്നത്.