കോഴിക്കോട്: സഞ്ചാരികൾക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ കക്കയത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. ഹൈഡൽ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്.

അതേസമയം സഞ്ചാരികളെ ആക്രമിച്ച കാട്ടുപോത്തിനെ തുരത്താൻ വനംവകുപ്പിന്റെ പ്രത്യേകസംഘം ഇന്നെത്തും. കക്കയം ഡാം സൈറ്റിലാണ് ഇന്നലെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. ഡാം കാണാനെത്തിയ വിനോദ സഞ്ചാരികൾക്കാണ് പരിക്കേറ്റത്. എറണാകുളം ഇടപ്പള്ളി തോപ്പിൽ വീട്ടിൽ നീതു ഏലിയാസ് (32), മകൾ ആന്മരിയ (4) എന്നിവർക്കാണ് പരിക്കേറ്റത്.

നീതുവിന് അപകടത്തിൽ സാരമായി പരിക്കേറ്റിരുന്നു. ഇവർക്ക് വാരിയെല്ലിനും തലയ്ക്കുമാണ് പരുക്കേറ്റത്. ഇരുവരും അപകട നില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം.