- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമൂഹത്തിൽ സ്ത്രീകൾ ഒട്ടേറെ വിവേചനങ്ങൾ നേരിടുന്നുവെന്ന് പി. സതീദേവി
ആലപ്പുഴ: തൊഴിൽ മേഖലയിൽ പുരുഷന്മാർക്ക് തുല്യമായ വേതനം സ്ത്രീകൾക്ക് ലഭിക്കാറില്ലെന്നും സമൂഹത്തിൽ സ്ത്രീകൾ ഒട്ടേറെ വിവേചനങ്ങൾ നേരിടുന്നതായും വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. മത്സ്യ സംസ്‌കരണ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ആലപ്പുഴ ജില്ലയിലെ എരമല്ലൂർ സെന്റ് ജൂഡ് ചർച്ച് പാരിഷ് ഹാളിൽ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ.
വിവിധ തൊഴിൽ മേഖലകളിൽ സ്ത്രീകൾക്ക് പുരുഷനു തുല്യമായ വേതനം ലഭിക്കുന്നില്ല. ചിലയിടങ്ങളിൽ വിവാഹ ശേഷം ജോലി നിഷേധിക്കുന്നുണ്ട്. ഗർഭിണിയായ ശേഷം തൊഴിൽ നഷ്ടമാകുന്ന സ്ഥിതിയുമുണ്ട്. അടുത്തിടെ ഒരു ഡോക്ടർക്ക് അവർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് പ്രസവ ആനുകൂല്യം നിഷേധിച്ചുവെന്ന പരാതി വനിതാ കമീഷന്റെ പരിഗണനക്കു വന്നിരുന്നു. സ്ഥാപനത്തിലെ സ്ഥിരം ജീവനക്കാരി അല്ല എന്ന സമീപനമാണ് സ്ഥാപന മാനേജ്മെന്റ് കൈക്കൊണ്ടത്. എല്ലാ മേഖലകളിലും സ്ത്രീകൾക്ക് പ്രസവാനുകൂല്യം ഉറപ്പുവരുത്തേണ്ടതുണ്ട്.
രാജ്യത്ത് ഏറ്റവും മികച്ച തൊഴിൽ സാഹചര്യം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. അതേപോലെ വനിതാ ക്ഷേമ പദ്ധതികൾ ഏറ്റവും മികച്ച നിലയിൽ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം. രാജ്യത്ത് നിലനിൽക്കുന്ന എല്ലാ നിയമങ്ങളുടെയും പ്രയോജനം സ്ത്രീകൾക്ക് ലഭ്യമാകുന്ന സാഹചര്യത്തിലേക്ക് എത്തിക്കുകയെന്നതാണ് വനിതാ കമ്മിഷന്റെ ലക്ഷ്യം. വിവേചനങ്ങളും ചൂഷണങ്ങളും സംബന്ധിച്ച പരാതികൾ പരിശോധിക്കുകയും സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുകയുമാണ് വനിതാ കമീഷന്റെ ലക്ഷ്യം.
എല്ലാ പാർശ്വവൽകൃത വിഭാഗങ്ങളിലേക്കും നേരിട്ടു ചെന്ന് സ്ത്രീകളുടെ പ്രശ്നങ്ങൾ മനസിലാക്കി പരിഹാര നിർദ്ദേശങ്ങൾ സർക്കാരിനു സമർപ്പിക്കുന്നതിനായി പബ്ലിക് ഹിയറിങ്, പട്ടികവർഗ മേഖലാ കാമ്പ്, തീരദേശ കാമ്പ് തുടങ്ങിയ പരിപാടികൾ വനിതാ കമ്മിഷൻ സംഘടിപ്പിക്കുന്നു. സ്ത്രീകൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ തുറന്നു പറയാനുള്ള അവസരമാണ് വനിതാ കമ്മിഷൻ ഒരുക്കിയിട്ടുള്ളത്.
എട്ടുലക്ഷത്തോളം സ്ത്രീകൾ മത്സ്യ സംസ്‌കരണ മേഖലയിൽ പ്രവർത്തിക്കുന്നുവെന്ന് അനുമാനിക്കുന്ന കേരളത്തിൽ ഈ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ അവകാശ പരിരക്ഷ ഉറപ്പുവരുത്താൻ തൊഴിൽ വകുപ്പിന്റെയും തൊഴിലാളി സംഘടനകളുടെയും ഇടപെടൽ ഉണ്ടാകണം. ഗ്രാറ്റുവിറ്റി, പിഎഫ്, ഇഎസ്ഐ, ബോണസ് തുടങ്ങിയ ആനുകൂല്യങ്ങൾ എല്ലാം തൊഴിലാളികൾക്ക് ലഭ്യമാകണമെന്നും കമ്മിഷൻ അധ്യക്ഷ പറഞ്ഞു.
വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്റെ അധ്യക്ഷത വഹിച്ചു. പബ്ലിക് ഹിയറിങിൽ അംഗം വി.ആർ. മഹിളാമണി, ഡയറക്ടർ ഷാജി സുഗുണൻ, റിസർച്ച് ഓഫീസർ എ.ആർ. അർച്ചന, അസിസ്റ്റൻഡ് ലേബർ ഓഫീസർ മേരി സുജ എന്നിവർ സംസാരിച്ചു. അസിസ്റ്റൻഡ് ലേബർ ഓഫീസർ ഗ്രേഡ് ഒന്ന് ജി. ഷിബു ചർച്ച നയിച്ചു.



