- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഈനലി തങ്ങളുടെ സംരക്ഷണത്തിന് തെരുവിലിറങ്ങി എസ് കെ എസ് എസ് എഫ്; മലപ്പുറത്ത് പ്രതിഷേധ റാലിയും സംഗമവും നടത്തി എസ് കെ എസ് എസ് എഫ്
മലപ്പുറം: മുസ്ലിംലീഗ് മുൻ സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്ളുടെ മകനായ പാണക്കാട് മുഈനലി ശിഹാബ് തങ്ങൾക്ക് നേരെ വധഭീഷണി ഉയർന്ന സാഹചര്യത്തിൽ കുറ്റക്കാരെ പിടികൂടി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് പ്രതിഷേധ റാലിയും സംഗമവും നടത്തി. മുസ്ലിംലീഗുപോലും വിഷയത്തിൽ കാര്യമായ ഇടപെടൽ നടത്താത്ത സാഹചര്യത്തിലാണു സമസ്തയുടെ പോഷക സംഘടനയുടെ പ്രതിഷേധം.
മലപ്പുറം മലപ്പുറം കുന്നുമ്മൽ ജംഗ്ഷനിൽ നടന്ന സംഗമം സംസ്ഥാന സെക്രട്ടറി ശമീർ ഫൈസി ഒടമല ഉദ്ഘാടനം ചെയ്തു. ഉമറുൽ ഫാറൂഖ് ഫൈസി മണിമൂളി അധ്യക്ഷനായി. യൂനുസ് ഫൈസി വെട്ടുപാറ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദലി തിരൂരങ്ങാടി സ്വാഗതവും അബ്ദുസലീം യമാനി നന്ദിയും പറഞ്ഞു. ജലീൽ ഫൈസി അരിമ്പ്ര,അനീസ് ഫൈസി മാവണ്ടിയൂർ, സയ്യിദ് ഫസൽ ശാഹിദ് തങ്ങൾ കണ്ണന്തളി,സൽമാൻ ഫൈസി തിരൂർക്കാട്,അബ്ദുറഹ്‌മാൻ തോട്ടുപൊയിൽ,മുഹമ്മദ് കുട്ടി കുന്നുംപുറം,ഹസീബ് ഓടക്കൽ,സലാം ഫൈസി ആദൃശ്ശേരി,ഫെറൂസ് ഫൈസി ഒറുവംപുറം,റിയാസ് കൊട്ടപ്പുറം,ഇസ്മാഈൽ അരിമ്പ്ര,സൈനുദ്ദീൻ ഒളവട്ടൂർ,എൻ.പി അനസ് പൂക്കോട്ടൂർ,ശഫീഖ് ആലങ്കോട്,ശാഫി ഫൈസി നിറമരുതൂർ,മുനീർ പറവണ്ണ തുടങ്ങിയവർ നേതൃത്വം നൽകി.
തനിക്ക് വധ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയതിന് പിന്നലെ ഇന്നു രാവിലെ മുഈനലി തങ്ങൾ മലപ്പുറം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി വിശദമായി മൊഴി നൽകിയിരുന്നു. ഭീഷണി സന്ദേശം ലഭിച്ചതോടെ മലപ്പുറം പൊലീസിൽ മുഈനലി പരാതി നൽകിയിരുന്നു. ഇതിന്റെ തുടർനടപടിയെന്നോണമാണ് പൊലീസ് സ്റ്റേഷനിൽ ഹാജരായത്. അദ്ദേഹത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. പൊലീസിന് ശബ്ദ സന്ദേശവും മുഈനലി കൈമാറിയിട്ടുണ്ട്.
ഇന്നലെ വൈകീട്ടോടെയാണ് അദ്ദേഹത്തിന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള വാട്സ് ആപ്പ് സന്ദേശം ലഭിച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹം മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെയും അബ്ദുസമദ് സമദാനി എംപിയെയും വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഭീഷണി സന്ദേശം എത്തിയത്. മുഈനലി തങ്ങൾ പങ്കെടുക്കുന്ന പരിപാടികളിൽ എല്ലാം പ്രശ്നം ഉണ്ടാക്കുമെന്നായിരുന്നു ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഈ പോക്ക് പോയാൽ വീൽ ചെയറിൽ ആയിരിക്കും ശിഷ്ടകാലം ജീവിക്കേണ്ടിവരികയെന്നും ഭീഷണിയുണ്ട്.



