പാലക്കാട്: നെന്മാറയിൽ വിഭാഗീയതയെ തുടർന്ന് കോൺഗ്രസ് പതാക ഉയർത്തിയ ലോക്കൽ കമ്മിറ്റി ഓഫീസ് സിപിഐ തിരിച്ച് പിടിച്ചു. ജില്ലാ സെക്രട്ടറി സുരേഷ് രാജിന്റെ നേതൃത്വത്തിൽ പ്രകടനമായ് എത്തിയ പ്രവർത്തകരാണ് ഓഫീസ് തരിച്ച് പിടിച്ചത്.

കോൺഗ്രസ് പതാക അഴിച്ച് മാറ്റിയ ശേഷം പാർട്ടി ഓഫീസിൽ സിപിഐ പതാക ഉയർത്തി. തുടർന്ന് ലോക്കൽ കമ്മിറ്റി യോഗവും ചേർന്നു. വിഭാഗീയതയെ തുടർന്ന് മുൻ മണ്ഡലം സെക്രട്ടറി എം.ആർ. നാരായണനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. ഇയാളെ പിന്തുണയ്ക്കുന്ന പ്രവർത്തകരാണ് കോൺഗ്രസ് പതാക ഉയർത്തിയത്. സിപിഐ ഓഫീസ് നാരായണന്റെ പേരിലാണ് എന്ന് പറഞ്ഞാണ് സിപിഐ ഓഫീസിൽ കോൺഗ്രസ് പതാക കെട്ടിയത്.

പ്രദേശത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുറത്താക്കിയ മുൻ മണ്ഡലം പ്രസിഡന്റും സംഘവും കോൺഗ്രസിൽ ചേരുമെന്നാണ് റിപ്പോർട്ട്. ഇതിനായി ഡിസിസി നേതൃത്വവുമായി ചർച്ചകൾ നടത്തിയെന്നാണ് സൂചന.