- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിമിതികൾ മറന്ന് ഭിന്നശേഷിക്കാരായ പ്രതിഭകൾ നിറഞ്ഞാടിയത് രണ്ടുനാൾ
കണ്ണൂർ: തലശേരിയിൽ കലാ വിരുന്നൊരുക്കി ആർദ്രമായ രണ്ടു രാപ്പകലുകൾ കലയുടെ ഉത്സവം തീർത്ത കുടുംബശ്രീ ബഡ്സ് കലാമേളയിൽ വയനാട് ജില്ല കിരീടം ചൂടി. മാറി മറിഞ്ഞ പോയിന്റുകൾക്കിടെ ഫോട്ടോഫിനിഷിലാണ് 43 പോയിന്റോടെ വയനാട് ജില്ല കലാകിരീടത്തിന് മുത്തമിട്ടത്. ഞായറാഴ്ച ഉച്ചവരെ വയനാട് ജില്ല തന്നെയായിരുന്നു മുന്നിൽ. അവസാനം നിമിഷങ്ങളിൽ തൃശൂർ ജില്ല മുന്നേറ്റം നടത്തിയതോടെയാണ് കലോത്സവം ആവേശത്തേരിലേറിയത്.
അവസാന ഇനമായ സംഘനൃത്തത്തിൽ ഒന്നാംസ്ഥാനം നേടിയതോടെ കലാകിരീടം വയനാട് ഉറപ്പിച്ചു. 37 പോയിന്റോടെ തൃശൂർ ജില്ല രണ്ടാംസ്ഥാനവും 27 പോയിന്റോടെ എറണാകുളം ജില്ല മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പുരസ്കാരം സമ്മാനിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർമാലിക്, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർമാർ, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാര്, ധർമ്മടം ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
18 ഇനങ്ങളിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 300 ഓളം കലാപ്രതിഭകളാണ് മാറ്റുരച്ചത്. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ കലാപ്രതിഭകളായി വയനാട് ജില്ലയിലെ വി ജെ അജവിനെയൂം അമയ അശോകനെയും തെരഞ്ഞെടുത്തു. ബഡ്സ് വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്ന പ്രദർശന സ്റ്റാളുകളിൽ ഏറ്റവും മിക്ച്ച സ്റ്റാളുകൾക്കുള്ള പുരസ്കാരം നേടിയ ആലപ്പുഴ, എറണാകളം, കണ്ണൂർ, കൊല്ലം ജില്ലകൾക്കുള്ള സമ്മാനവും സ്പീക്കർ വിതരണം ചെയ്തു. ബഡ്സ് വിദ്യാർത്ഥികൾ അരിക് വൽകരിക്കപ്പെട്ടവരല്ലെന്നും ഇച്ഛാശക്തിയുടെ പ്രതീകങ്ങളാണെന്നും നിയമസഭ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.
ബഡ്സ് സ്ഥാപനങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളുടെ സർഗവാസനകൾ കണ്ടെത്തി പരിപോഷിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളാണ് കുടുംബശ്രീ നടത്തുന്നത്. ബഡ്സ് വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനാണ്. പ്രതിഭാശാലികളായ കുട്ടികളാണ് ബഡ്സ് സ്ഥാപനങ്ങളിലുള്ളത്. ബഡ്സ് സ്കൂളുകളിലെഅദ്ധ്യാപകരുടെ കഠിനാധ്വാനവും സമർപ്പണവും വിലമതിക്കാനാകാത്തതാണ്. ബഡ്സ് സ്ഥാപനങ്ങളിൽ ആവശ്യമായ ഭൗതികസാഹചര്യങ്ങൾ ഒരുക്കേണ്ട ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾക്കുമുണ്ടെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.



