തൃശ്ശൂർ: സിമന്റ് വിലയിൽ വൻ ഇടിവ്. ചാക്കിന് നൂറു രോപയോളം കുറവാണ് ഇക്കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായിരിക്കുന്നത്. വില ഇനിയും കുറഞ്ഞേക്കുമെന്നാണ് സൂചന. നിർമ്മാണത്തിന് പൂർണവിരാമംവന്ന കോവിഡുകാലത്തെ അതേ നിലയിലേക്കെത്തിയിരിക്കുകയാണ് സിമന്റ് വില. ഒരുമാസംമുമ്പ് ചാക്കിന് 430 ആയിരുന്ന സിമന്റ് വില ഇപ്പോൾ 340 രൂപയിലെത്തി. ഒന്നാംനിര സിമന്റിന്റെ മൊത്തവിതരണവിലയാണിത്. ചില്ലറവിൽപ്പന വിപണിയിൽ അഞ്ചുമുതൽ പത്തുവരെ കൂടും.

ലൈഫ് ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികളുടെ നിർമ്മാണം സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് നിലച്ചതും സ്വകാര്യ നിർമ്മാണമേഖലയിലെ മാന്ദ്യവുമാണ് സിമന്റ് വില കുറയാൻ കാരണം. കരാറുകാരുടെ മെല്ലെപ്പോക്കും ഒരുവിഷയമാണ്. രണ്ടുവർഷത്തിനിടെ വില ചാക്കിന് 460-ന് മുകളിലെത്തിയിരുന്നു. എന്നാൽ 2024ന്റെ ആദ്യമാസത്തോടെ തന്നെ സിമന്റ് വില കുറയുന്ന കാഴ്ചയാണ്. പുതിയ കമ്പനികളുടെ വരവും അമിതമായ ഉദ്പാദനവുമാണ് വിലയിടിവിന് കാരണമായത്. മാർച്ചുവരെ വില ഇനിയും കുറയുമെന്ന സൂചനയാണ് കമ്പനികൾ നൽകുന്നത്.

അധികകാലം സൂക്ഷിച്ചുവെക്കാനാകില്ല എന്നതിനാൽ ആനുകൂല്യം പരമാവധി നൽകി ഉത്പന്നം വിറ്റഴിക്കുകയാണ് നിർമ്മാതാക്കൾ. എന്നാൽ ചില്ലറവിൽപ്പനക്കാർ വില 400-ന് മുകളിൽ കാണിച്ചാണ് വിൽക്കുന്നത്. അധികമായി നൽകുന്ന ഇളവ് തുക കമ്പനി രണ്ടുമാസംകഴിഞ്ഞ് അനുവദിക്കുകയാണ് പതിവ്. തുക തിരിച്ചുകിട്ടാൻ അത്രയും കാത്തിരിക്കാൻ പറ്റാത്ത ചെറുകിടവ്യപാരികൾക്കിത് പ്രശ്‌നമാവുന്നുണ്ട്. 25 ചാക്കിൽ കൂടുതൽ ആവശ്യപ്പെടുന്ന ഉപഭോക്താക്കൾക്ക് കന്പനി നേരിട്ട് സിമന്റ് എത്തിച്ചുകൊടുക്കുന്നുമുണ്ട്. ഇത് ചെറുകിടവ്യാപാരികളെ ബാധിച്ചുതുടങ്ങി. പലരും പൂട്ടിപ്പോകുകയാണ്.