- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പൂവിന് പൊന്നും വില; ഒരു മുഴം പൂവിന് 200 രൂപ
കോട്ടയം: സംസ്ഥാനത്ത് മുല്ലപ്പൂവിന് പൊന്നും വില. ഞായറാഴ്ച ഒരുമുഴം മുല്ലപ്പൂ വാങ്ങാനെത്തിയവരുടെ എല്ലാം കണ്ണുതള്ളി. വില 200 രൂപ. കിലോഗ്രാമിന് 6000 രൂപയാണ് മുല്ലപ്പൂവിന്. ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ രണ്ടാംമാസവും പൂവിന്റെ വില ഉയരുകയാണെന്ന് വ്യാപാരികൾ പറയുന്നു.
മുൻപും ശൈത്യകാലത്ത് വില കൂടുമായിരുന്നു. ഇത്തരത്തിൽ വില ഉയരുന്നത് ആദ്യമാണ്, നവംബറിൽ 500-600 രൂപയായിരുന്നു കൂടിയ വില. ഡിസംബർ ആദ്യത്തോടെയാണ് വില കൂടിത്തുടങ്ങിയതും ജനുവരിയോടെ ആറായിരത്തിലെത്തുന്നതും. വിലക്കൂടുതലിനുപുറമേ പൂവിന്റെ വലുപ്പക്കുറവ് കാരണം പലയിടത്തും കച്ചവടക്കാരോട് തർക്കിച്ചാണ് അത്യാവശ്യക്കാർ പൂ വാങ്ങിയത്.
പ്രധാന ഉത്പാദനകേന്ദ്രങ്ങളായ കോയമ്പത്തൂർ, സത്യമംഗലം, മധുര, തെങ്കാശി തുടങ്ങിയ പലയിടത്തും കൊടുംശൈത്യം കാരണം വൻതോതിൽ മൊട്ടുകൾ കരിഞ്ഞതാണ് പ്രശ്നം.
കഴിഞ്ഞയാഴ്ച ഒരു താമരപ്പൂവിന് 20 രൂപയായിരുന്നത് ശനി, ഞായർ ദിവസങ്ങളിൽ 40 രൂപവരെയായി. ജമന്തിപ്പൂവിന് കിലോഗ്രാമിന് 350 രൂപയാണ് വില.



