കാസർകോട്: സംസ്ഥാനത്ത് പ്രിൻസിപ്പൽമാരില്ലാതെ 136 സർക്കാർ സ്‌കൂളുകൾ. അധ്യയനവർഷം ആരംഭിച്ചിട്ട് എട്ടുമാസം പൂർത്തിയായിട്ടും ഇതാണ് സ്ഥിതി. ഇതോടെ പ്രിൻസിപ്പൽ ചുമതല വഹിക്കുന്ന അദ്ധ്യാപകർ അധിക ജോലി ഭാരം കാരണം നട്ടം തിരിയുകയാണ്. ഉദ്യോഗക്കയറ്റം നൽകേണ്ട 91 ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകരുടെയും 45 ഹൈസ്‌കൂൾ പ്രഥമാധ്യാപകരുടെയും പട്ടിക പൊതുവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയത് 2024 ജനുവരി 17-നാണ്. എന്നാൽ ഇനിയും നിയമനം നൽകിയിട്ടല്ല.

പ്രിൻസിപ്പൽമാർക്കാണ് ഹയർ സെക്കൻഡറി പരീക്ഷയുടെ ചുമതല. എട്ടു പീരിയഡ് മാത്രമാണ് പ്രിൻസിപ്പൽമാർ ക്ലാസ് എടുക്കേണ്ടത്. എന്നാൽ ചുമതല വഹിക്കുന്ന അദ്ധ്യാപകർ 24 പീരിയഡ് എടുക്കണം. അതോടൊപ്പം ഹയർ സെക്കൻഡറി പ്രവേശനം, തുടർച്ചയായ പരീക്ഷകൾ, പി.ടി.എ. സെക്രട്ടറി തുടങ്ങിയ ജോലികൾ ചെയ്യണം. ത്രിതല പഞ്ചായത്തും വിവിധ വിദ്യാഭ്യാസ ഓഫീസർമാരും വിളിക്കുന്ന യോഗത്തിലും സംബന്ധിക്കണം. ഇത്തരം ജോലിഭാരത്തിനിടെ വീണ്ടും പരീക്ഷാകാലത്തേക്ക് കടക്കുകയാണ് പ്രിൻസിപ്പൽ ചുമതല വഹിക്കുന്ന അദ്ധ്യാപകർ.

സർക്കാരിന്റെ പുതിയ നിയമമനുസരിച്ച് പ്രിൻസിപ്പൽമാരാണ് സ്‌കൂൾ തലവൻ. ഹൈസ്‌കൂൾ പ്രഥമാധ്യാപകൻ വൈസ് പ്രിൻസിപ്പൽ മാത്രമാണ്. ഹയർ സെക്കൻഡറി പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഭാഗമാണെന്ന് സർക്കാർ ഉത്തരവിൽ പറയുന്നുണ്ടെങ്കിലും ഓഫീസ് ജീവനക്കാർ ഹൈസ്‌കൂളിന്റെ നിയന്ത്രണത്തിലാണ്. അതോടെ പ്യൂണിന്റെ ജോലിമുതൽ ചീഫിന്റെ ചുമതലവരെ പ്രിൻസിപ്പൽമാരാണ് നിർവഹിക്കേണ്ടത്.