തൃപ്പൂണിത്തുറ: വീട് നിർമ്മിക്കുന്ന സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ തലയോട്ടിയും ഇടുപ്പെല്ലിന്റെ ഭാഗവും കണ്ടെത്തി. കണ്ണൻകുളങ്ങര ഭാഗത്താണ് സംഭവം. വീടുപണിക്ക് വന്ന തൊഴിലാളികളാണ് ഞായറാഴ്ച രാവിലെ പത്തോടെ തലയോട്ടിയും എല്ലും കണ്ടത്. വീടിന്റെ വാർക്കലിന് ഉപയോഗിച്ച തടിക്കഷ്ണങ്ങളും തകിടും വെച്ചിരുന്ന ഭാഗത്ത് കറുത്ത പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞനിലയിലായിരുന്നു ഇവ. ഇവ ആരോ കൊണ്ടുവന്നിട്ടതാകാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു.

കണ്ണൻകുളങ്ങര-ശ്രീനിവാസകോവിൽ റോഡിന്റെ ഭാഗത്ത് ഇടറോഡിലെ സ്ഥലത്താണ് തലയോട്ടിയും മറ്റും കണ്ടത്. ഇവിടെ അടുത്തിടെയായി പുതിയ വീടുകളുടെ നിർമ്മാണം നടന്നുവരുന്നുണ്ട്. ഇപ്പോൾ തലയോട്ടി കണ്ട സ്ഥലം മൂന്നരമാസം മുൻപ് വൃത്തിയാക്കിയിരുന്നു. അന്ന് ഇങ്ങനെയൊന്ന് കണ്ടിരുന്നില്ലെന്ന് കേസ് അന്വേഷിക്കുന്ന തൃപ്പൂണിത്തുറ പൊലീസ് പറഞ്ഞു. വീടുപണിക്കുള്ള സാധനങ്ങൾ എടുക്കുന്നതിനിടെ തലയോട്ടിയുടെ കുറച്ചുഭാഗം പുറത്തുകണ്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് എല്ലും മറ്റും കണ്ടത്. ഉടൻ സ്ഥലം ഉടമയെയും തുടർന്ന് പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു.

തൃക്കാക്കര പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ പി.വി. ബേബി, തൃപ്പൂണിത്തുറ ഇൻസ്‌പെക്ടർ പി.എച്ച്. സമീഷ്, എസ്‌ഐ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സയന്റിഫിക് ഉദ്യോഗസ്ഥരുമെത്തി പരിശോധിച്ചു. കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി തലയോട്ടിയും മറ്റും കളമശ്ശേരി ഫൊറൻസിക് കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.