കൊല്ലം: കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി മൂന്നുമാസത്തേക്കുകൂടി നീട്ടി സർക്കാർ ഉത്തരവായി. കാസ്പ് പദ്ധതിയിൽ ഉൾപ്പെടാത്തതും എന്നാൽ വാർഷികവരുമാനം മൂന്നുലക്ഷത്തിൽ താഴെയുള്ളവരുമായ എ.പി.എൽ., ബി.പി.എൽ. വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് ചികിത്സ മുടങ്ങാതിരിക്കാനാണ് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയുടെ കാലാവധി നീട്ടിയത്.

ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന പാവപ്പെട്ടവർക്ക് കേരള ലോട്ടറിയിലൂടെ ധനസമാഹരണം നടത്തി ധനസഹായം നൽകുന്ന പദ്ധതി ഒട്ടേറെപ്പേർക്ക് ആശ്വാസമായിരുന്നു. സംസ്ഥാനത്തെ 42 ലക്ഷത്തിലധികം ദരിദ്രരും ദുർബലവിഭാഗക്കാരുമായ കുടുംബങ്ങൾക്ക്, ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നാൽ പ്രതിവർഷം അഞ്ചുലക്ഷം രൂപ ചികിത്സയ്ക്കായി കൊടുക്കുന്ന ആരോഗ്യസംരക്ഷണ പദ്ധതിയാണ് കാസ്പ് (കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി). കാരുണ്യ ബെനവലന്റ് ഫണ്ടിൽനിന്ന് ഒരുകുടുംബത്തിന് രണ്ടുലക്ഷം രൂപയാണ് ചികിത്സാധനസഹായം ലഭിക്കുന്നത്. വൃക്ക മാറ്റിവയ്ക്കുന്നവർക്ക് മൂന്നുലക്ഷം രൂപയും നൽകും. നിലവിൽ 198 സർക്കാർ ആശുപത്രികളും 452 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 650 ആശുപത്രികൾ എം-പാനൽ ചെയ്തിട്ടുണ്ട്.

ഈ ആശുപത്രികളിൽനിന്നു കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേനയും കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതി (കാസ്പ്) വഴിയുമാണ് ചികിത്സാസഹായം ലഭ്യമാക്കുന്നത്. കാസ്പ് പദ്ധതിയിൽ അംഗങ്ങളായ എല്ലാവർക്കും ഈ ആശുപത്രികളിൽനിന്നു സൗജന്യചികിത്സ ലഭ്യമാണ്.