- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയോധ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങ്; കാസർകോട് കുട്ലുവിൽ സ്കൂളിന് ഹെഡ്മാസ്റ്റർ അവധി നൽകിയത് വിവാദത്തിൽ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രിയുടെ നിർദ്ദേശം
കാസർകോട്: അയോധ്യയിൽ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങ് പ്രമാണിച്ച് കാസർകോട് കുട്ലുവിൽ സ്കൂളിന് ഹെഡ്മാസ്റ്റർ അവധി പ്രഖ്യാപിച്ചതിൽ അന്വേഷണം. കുട്ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്കൂളിലാണ് ഹെഡ്മാസ്റ്റർ ചട്ടവിരുദ്ധമായി അവധി നൽകിയത്. കാസർകോട് കുട്ലുവിലെ ശ്രീ ഗോപാലകൃഷ്ണ ഹൈസ്കൂളിന് പ്രാദേശിക അവധിയാണ് ഇന്ന് പ്രഖ്യാപിച്ചിരുന്നത്. ഇതോടെ വിദ്യാർത്ഥികളും അദ്ധ്യാപകരും സ്കൂളിൽ എത്തിയില്ല.
ഔദ്യോഗിക നിർദ്ദേശമില്ലാതെ സ്കൂളിന് അവധി നൽകിയ സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് മന്ത്രി വി ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. 24 മണിക്കൂറിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രിയുടെ നിർദ്ദേശം.
അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് അവധി നൽകുന്നതെന്നാണ് ഡിഇഒയ്ക്ക് നൽകിയ അപേക്ഷയിൽ ഹെഡ്മാസ്റ്റർ വ്യക്തമാക്കിയത്. അയോധ്യയിൽ നടക്കുന്ന ചടങ്ങിന് കുട്ലുവിൽ പ്രാദേശിക അവധി നൽകുന്നതെങ്ങനെയെന്ന വിമർശനം ഉയർന്നതോടെയാണ് അന്വേഷണം.
അവധിക്ക് അപേക്ഷ സമർപ്പിച്ചെങ്കിലും അനുവദിച്ചിട്ടില്ലെന്നാണ് ഡിഇഒ ദിനേശൻ വിശദീകരിക്കുന്നത്. ചട്ടവിരുദ്ധമായി അവധി നൽകിയത് സംബന്ധിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂളിന് പ്രാദേശിക അവധി നൽകാൻ ഹെഡ്മാസ്റ്റർക്ക് അധികാരമുണ്ടെന്നും പകരം മറ്റൊരു ദിവസം പ്രവർത്തിക്കുമെന്നുമാണ് സ്കൂളുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം. അവധി നൽകിയത് സംബന്ധിച്ച് വാർത്ത വന്നതോടെ വിവാദമാകുകയായിരുന്നു. ഇതോടെയാണ് മന്ത്രി വി. ശിവൻകുട്ടി സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയത്.
പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ഹിമാചൽ പ്രദേശ് സർക്കാർ ഉൾപ്പെടെ രാജ്യത്തെ പതിനഞ്ച് സംസ്ഥാനങ്ങളിൽ പൊതുഅവധി നൽകിയിരുന്നു. കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിന് പുറമെ എൻഡിഎ ഭരിക്കുന്ന 12 സംസ്ഥാനങ്ങളിലും ചണ്ഡിഗഡ് ഭരണകൂടവും ബിജു ജനതാദൾ സർക്കാരുള്ള ഒഡീഷയുമാണ് തിങ്കളാഴ്ച അവധി നൽകിയത്.




