കുമളി: വാടക വീട്ടിൽ മക്കൾ ഉപേക്ഷിക്കുകയും കൈയൊടിഞ്ഞ് അവശനിലയിലാവുകയും ചെയ്തതോടെ പൊലീസ് ആശുപത്രിയിലെത്തിച്ച വയോധിക മരിച്ച സംഭവത്തിൽ മക്കൾക്കെതിരേ പൊലീസ് കേസെടുത്തു. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് മകനും മകൾക്കുമെതിരെ പൊലീസ് കേസ് എടുത്തത്.

കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളനിയിൽ വാടകവീട്ടിൽ കഴിഞ്ഞിരുന്ന മൈലക്കൽ അന്നക്കുട്ടി മാത്യുവാണ് കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അമ്മ ആശുപത്രിയിലായ വിവരം മക്കളെ അറിയിച്ചെങ്കിലും നോക്കാൻ മക്കൾ ഇരുവരും തയ്യാറായില്ല. പൊലീസ് അറിയിച്ചത് അനുസരിച്ച് ആശുപത്രിയിലെത്തിയ മകനാവട്ടെ വളർത്തു നായയെ നോക്കാൻ ആളില്ലെന്ന് പറഞ്ഞ് തിരിച്ചു പോവുകയും ചെയ്തു. മണിക്കൂറുകൾക്കകം അന്നക്കുട്ടി മരിച്ചു.

മരണ വിവരം അറിയിച്ചിട്ടും മൃതദേഹം കൊണ്ടുപോകാനും മക്കൾ എത്തിയില്ല. തുടർന്ന് ജില്ല ഭരണകൂടവും പൊലീസും നാട്ടുകാരും ചേർന്നാണ് കുമളിയിലെത്തിച്ച് സംസ്‌കാരം നടത്തിയത്. കുമളി പഞ്ചായത്തംഗം ജയമോൾ മനോജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്, കേരള ബാങ്ക് കുമളി ശാഖയിലെ ജീവനക്കാരനായ മകൻ സജിമോനും, പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായ മകൾ സിജിക്കുമെതിരേ കുമളി പൊലീസ് കേസെടുത്തത്. പൊലീസ് ഇരുവർക്കും നോട്ടീസ് നൽകും. ഇതുസംബന്ധിച്ച്, കളക്ടർക്കും പൊലീസ് റിപ്പോർട്ട് നൽകും.

സജിമോൻ ജോലിചെയ്യുന്ന കേരള ബാങ്കും പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കുമളി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായ മകൾ സിജിയെ സസ്‌പെൻഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.