രാജാക്കാട്: ചിന്നക്കനാൽ ബി.എൽ.റാമിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ചക്കകൊമ്പന്റെ ആക്രമണത്തിൽ കർഷകന് ഗുരുതരമായി പരിക്കേറ്റു. ബി.എൽ.റാം സ്വദേശി വെള്ളക്കല്ലിൽ സൗന്ദർരാജിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ വിദഗ്ധചികിത്സക്കായി തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്വന്തം കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടെയാണ് സൗന്ദർരാജിനെ ആന ആക്രമിച്ചത്. ഇദ്ദേഹത്തിന്റെ കൊച്ചുമകനും കൃഷിയിടത്തിലുണ്ടായിരുന്നു. കൊച്ചുമകൻ ഓടിമാറി. സൗന്ദർരാജിന്റെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും ആന പിൻവാങ്ങാത്തതിനാൽ രക്ഷാപ്രവർത്തനം വൈകി. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് കാട്ടാനയെ തുരത്തിയത്.

സൗന്ദർരാജന്റെ ഇരുകൈകളും ഒടിഞ്ഞു. നെഞ്ചിലും പരിക്കുണ്ട്. രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷമാണ് തേനിയിലേക്ക് കൊണ്ടുപോയത്.