അടൂർ: ഉത്സവപ്പറമ്പിൽ ഗാനമേളയ്ക്കിടെ നൃത്തം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം തടയാനെത്തിയ പൊലീസ് സംഘത്തിന് നേരെ ഡിവൈഎഫ്ഐ നേതാക്കളുടെ കൈയേറ്റശ്രമം. ഇവരെ പൊലീസ് അടിച്ചോടിച്ചു. രണ്ടു ദിവസം കാത്തിരുന്നതിന് ശേഷം തങ്ങളെ തല്ലിയത് എതിർപക്ഷമാണെന്നും രാഷ്ട്രീയ സംഘർഷമാണ് ഉണ്ടായത് എന്ന നിലയിലും നൽകിയ പരാതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ടാലറിയാവുന്ന ഏതാനും പേർക്കെതിരേയാണ് പരാതി.

ചൂരങ്കോട് ഇലങ്കത്ത് ക്ഷേത്രത്തിൽ 21 ന് രാത്രി 11.30 നാണ് സംഭവം. ഗാനമേള നടക്കുമ്പോൾ മാസ്‌ക് വച്ച് ചില യുവാക്കൾ അവിടെ നൃത്തം ചെയ്തിരുന്നു. ഡിവൈഎഫ്ഐ മേഖലാ കമ്മറ്റി സെക്രട്ടറി അഭിജിത്ത് ബാലന്റെ നേതൃത്വത്തിൽ ഇവരിൽ നിന്ന് മാസ്‌ക് വാങ്ങിയതാണ് സംഘർഷത്തിന് കാരണമായത്. സ്ഥലത്ത് വന്ന പൊലീസിന് നേരെ കൈയേറ്റ ശ്രമം ഉണ്ടായി. തുടർന്ന് പൊലീസ് ഇവരെയെല്ലാം അടിച്ചോടിച്ചു. പൊലീസിനെതിരേ പരാതി നൽകിയാൽ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് തങ്ങൾക്കെതിരേ കൗണ്ടർ കേസുണ്ടാകുമെന്ന് കണ്ടാണ് എതിർ സംഘത്തിന് എതിരേ പരാതി നൽകിയിരിക്കുന്നത് എന്നാണ് അറിയുന്നത്.

അഭിജിത്ത്, സുജിത്ത്, വിഷ്ണു, സച്ചു എന്നിവർക്ക് മർദനമേറ്റുവെന്നാണ് പരാതി. നേരത്തേ ബദാം മുക്കിൽ വച്ചുണ്ടായ ബിജെപി-ഡിവൈഎഫ്ഐ സംഘർഷത്തിന്റെ ബാക്കിയെന്നോണം തങ്ങളെ മർദിച്ചുവെന്നാണ് പരാതി വന്നിരിക്കുന്നത്. സിപിഎമ്മിൽ നിന്നുള്ള സമ്മർദത്തെ തുടർന്ന് ഉടൻ തന്നെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ, പൊലീസിനെ കൈയേറ്റം ചെയ്ത ഡിവൈഎഫ്ഐ നേതാക്കൾക്കെതിരേ ചെറുവിരലനക്കിയിട്ടില്ല.