മാനന്തവാടി: വയനാട് മാനന്തവാടിയിൽ ജനവാസമേഖലയിൽ രണ്ടു ദിവസമായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന കരടിയെ പിടികൂടാൻ ശ്രമം. കരടിയെ കണ്ടെത്തി മയക്കുവെടി വയ്ക്കാനാണ് ശ്രമം. ചൊവ്വാഴ്ച തരുവണ പാലിയാണ ഭാഗത്ത് എത്തിയ കരടി വീടുകൾ കയറിയ പഞ്ചസാരയും എണ്ണയും എടുത്തുകൊണ്ടുപോയിരുന്നു. കൊമ്മയാട് പള്ളിയുടെ പരിസരത്തും പാലിയാണ സ്‌കൂൾ പരിസരത്തും കരടിയെ കണ്ടു. പാലിയാണയിൽ വയലിലൂടെ ഓടുന്ന കരടിയുടെ ദൃശ്യം പുറത്തുവന്നു.

ഞായറാഴ്ച രാത്രി മാനന്തവാടിക്കു സമീപം വള്ളിയൂർക്കാവിലാണ് കരടിയുടെ സാന്നിധ്യം ആദ്യം റിപ്പോർട്ട് ചെയ്തത്. ഇവിടെനിന്നു അഞ്ച് കിലോമീറ്റർ അകലെ തോണിച്ചാലിൽ തിങ്കളാഴ്ച രാവിലെ കരടി എത്തി. വള്ളിയൂർക്കാവിലും തോണിച്ചാലിലും കരടിയുടെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞു. തിങ്കളാഴ്ച അർധരാത്രിയോടെ പീച്ചങ്കോടിലെത്തിയ കരടി ക്വാറി റോഡിലെ രാജീവന്റെ വീട്ടിൽ കയറി.

അടുക്കളയിൽനിന്ന് എടുത്ത വെളിച്ചെണ്ണ നിറച്ച പ്ലാസ്റ്റിക് കുപ്പി എടുത്തുകൊണ്ടുപോയി കല്ലിൽ അടിച്ചുപൊട്ടിക്കാൻ ശ്രമിച്ചു. ശബ്ദം കേട്ടുണർന്ന വീട്ടുകാർ ഒച്ചയിട്ടതോടെ കരടി ഓടിപ്പോയി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കരടിയെ പാലിയാണയിൽ കണ്ടത്. ആളുകളെ കാണുമ്പോൾ ഓടിപ്പോകുന്ന കരടി മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടാക്കിയിട്ടില്ല. എന്നാൽ പകൽ സമയത്തും കരടിയുടെ സാന്നിധ്യം സ്ഥീരീകരിച്ചതോടെ നാട്ടുകാർ ആശങ്കയിലാണ്.

തരുവണ കരിങ്ങാരിയിലെ നെൽപ്പാടത്തിനടുത്ത് ഒളിച്ചിരുന്ന കുറ്റിക്കാട്ടിൽ നിന്ന് പടക്കം പൊട്ടിച്ച് പുറത്ത് ചാടിച്ചു. ഇവിടെ നിന്ന് തോട്ടത്തിലേക്ക് പോയ കരടിയെ മയക്കുവെടി വെക്കാനാണ് തീരുമാനം. ഇതിനായി കരടിയെ വയലിലേക്ക് ഇറക്കാൻ ശ്രമം തുടങ്ങി. വെറ്ററിനറി സംഘം നെൽപ്പാടത്ത് ഉണ്ട്. ഡാർട്ട് ചെയ്യാനുള്ള സംഘവും സ്ഥലത്ത് കാത്ത് നിൽക്കുന്നുണ്ട്.

ഞായറാഴ്ച പുലർച്ചെയാണ് പയ്യള്ളി മേഖലയിൽ കരടി ഇറങ്ങിയത്. അവിടെ ഒരു വീടിന്റെ സിസിടിവിയിൽ കരടിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. പിന്നാലെ വള്ളിയൂർക്കാവിലും, അത് കഴിഞ്ഞു തോണിച്ചലിലും കരടി എത്തി. ജനവാസ മേഖലയിലൂടെ സഞ്ചാരം തുടർന്ന കരടി പിന്നീട് കരിങ്ങാരി കൊമ്മയാട് മേഖലയിലെത്തി. ഇവിടെ നിന്നാണ് നെൽപ്പാടത്തിലേക്ക് എത്തിയത്.