കൊച്ചി: കുണ്ടന്നൂരിൽ ഓട്ടോഡ്രൈവറെ ദുരൂഹസാഹചര്യത്തിൽ കാണാതായെന്ന് പരാതി. നെട്ടൂർ സ്വദേശി ടി.എസ്. പ്രവീൺ കുമാറിനെ ഞായറാഴ്ച മുതലാണ് കാണാതായത്. രണ്ടു ദിവസമായി സുഹൃത്തുക്കളായ ഓട്ടോഡ്രൈവർമാർ ഉൾപ്പെടെ പ്രവീൺകുമാറിനായി തിരച്ചിൽ തുടരുകയാണ്. വീട്ടുകാരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസും അന്വേഷണം തുടരുകയാണ്.

കുണ്ടന്നൂർ സ്റ്റാൻഡിലാണ് പ്രവീൺകുമാർ ഓട്ടോ ഓടിച്ചിരുന്നത്. ഞായറാഴ്ച കുണ്ടന്നൂരിനു സമീപം സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പ്രവീൺകുമാർ പോയിരുന്നു. അതിന് ശേഷം കാണാതായതെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. അതേസമയം, രാത്രി 10 മണി വരെ പ്രവീൺകുമാറിനെ ജംക്ഷനു സമീപം കണ്ടവരുണ്ടെന്നും പറയുന്നു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. വിവാഹച്ചടങ്ങിനു പോയ പ്രവീൺകുമാർ മദ്യപിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. മദ്യലഹരിയിൽ ഉറങ്ങിപ്പോയ പ്രവീൺകുമാറിന്റെ കയ്യിൽനിന്ന് ഓട്ടോയുടെ താക്കോലും മൊബൈൽ ഫോണും നഷ്ടപ്പെട്ടിരുന്നു. എന്നാൽ, ഫോൺ ഒരു സുഹൃത്ത് വീട്ടിൽ തിരിച്ചേൽപ്പിച്ചു.