കോഴിക്കോട്: ദേശീയ പാതയിലെ രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള റീച്ചിന്റെ പ്രവൃത്തിയുടെ ഭാഗമായി വേങ്ങേരി ജങ്ഷൻ നാളെ മുതൽ അടയ്ക്കും. വെഹിക്കിൾ ഓവർ പാസ് നിർമ്മാണവുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് അധികൃതർ അറിയിച്ചു. ഇതിനൊപ്പം തന്നെ വാഹനങ്ങൾ വഴിതിരിഞ്ഞു പോകേണ്ടതിനെക്കുറിച്ചും കൃത്യമായ അറിയിപ്പ് നൽകിയിട്ടുണ്ട്.

ബാലുശ്ശേരി, നരിക്കുനി, ചെറുകുളം ഭാഗത്തുനിന്നു കോഴിക്കോട്ടേക്ക് പോകേണ്ട വാഹനങ്ങൾ തണ്ണീർപന്തൽ - മാവിളിക്കടവ് - കൃഷ്ണൻനായർറോഡ് വഴി കാരപ്പറമ്പിലൂടെ കോഴിക്കോട്ടേക്കു പോകണം. കോഴിക്കോട്ടു നിന്നു ബാലുശ്ശേരി നരിക്കുനി, ചെറുകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കരിക്കാംകുളം - തടമ്പാട്ടുതാഴം - വേങ്ങേരി മാർക്കറ്റ് ജങ്ഷൻ വഴി വേങ്ങേരി കയറ്റം കയറി മേൽപാലത്തിന് സമീപത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് സർവീസ് റോഡ് വഴി ബൈപാസിൽ ദേശീയ പാതയിൽ കയറണം.

തുടർന്ന് നയാര പെട്രോൾ പമ്പിന് സമീപത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് മാളിക്കടവ് ജംക്ഷൻ - തണ്ണീർപന്തൽ വഴി പോകണം. കൃഷ്ണൻ നായർ റോഡിൽ മാളിക്കടവിൽ നിന്നു കോഴിക്കോട് ഭാഗത്തേയ്ക്ക് മാത്രമെ വലിയ വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകുകയുള്ളൂ.