കണ്ണൂർ: മദർ സുപ്പീരിയർ സൗമ്യയുടെ അപകടമരണത്തിൽ നടുങ്ങി തളിപറമ്പ്. പതിനഞ്ചു വർഷം മുൻപ് പൂവത്തെ കോൺവെന്റിൽ സിസ്റ്ററായും സേവനമനുഷ്ഠിച്ചിരുന്നു. ആത്മീയ പാതയിൽ നിസ്വാർത്ഥ സേവനവുമായി കർമനിരതമായ ജീവിതം നയിച്ചിരുന്ന സിസ്റ്റർ അന്നേ തളിപറമ്പുകാർക്ക് സുപരിചിതയായിരുന്നു. ഇതിനു ശേഷം ദീർഘകാലം തമിഴ്‌നാട്ടിലായിരുന്നു മിഷനറി പ്രവർത്തനം നടത്തിയിരുന്നത്്. പിന്നീട് മദർ സുപ്പീരിയറായാണ് തളിപറമ്പിലേക്ക് തിരിച്ചു വന്നത്.

പള്ളിയിലേക്ക് പോകുമ്പോൾ മദർ സുപ്പീരിയർ സ്വകാര്യബസിടിച്ചു മരിച്ച സംഭവത്തിൽ തളിപറമ്പ് പൊലിസ് സ്വകാര്യബസ് ഡ്രൈവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. പൂവം സെന്റ് മേരീസ് കോൺവെന്റിലെ മദർ സുപ്പീരിയറും സെന്റ് മേരീസ് ഇംഗ്ളീഷ് മീഡിയം സ്‌കൂൾ അദ്ധ്യാപികയുമായ സിസ്റ്റർ സൗമ്യയാ(55)ണ് അതിദാരുണമായി ബുധനാഴ്‌ച്ച പുലർച്ചെ ,ആറരയോടെ മരിച്ചത്.

മറ്റൊരു കോൺവെന്റിനു സമീപമുള്ള ലിറ്റിൽ ഫ്ളവർ പള്ളിയിലേക്ക് പോകാൻ റോഡുമുറിച്ചു കടക്കുന്നതിനിടെ ആലക്കോട്ടുനിന്നും തളിപറമ്പിലേക്ക് പോകുന്ന സെന്റ് മേരീസ് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ സിസ്റ്റർ സൗമ്യയുടെ ദേഹത്തൂടെ ബസിന്റെ മുൻവശത്തെ ടയറുകൾ കയറിയിറങ്ങുകയായിരുന്നു. സിസ്റ്ററുടെ കൂടെ മൂന്നുപേരുണ്ടായിരുന്നെങ്കിലും അവർ പുറകിലായതിനാൽ രക്ഷപ്പെടുകയായിരുന്നു.

സിസ്റ്റർ സൗമ്യയെ ഉടൻ നാട്ടുകാരും പൊലിസും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹംപരിയാരത്തെകണ്ണൂർ ഗവ. ആശുപത്രി മോർച്ചറിയിലേക്ക് പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി. മൂന്ന് മാസം മുൻപാണ് തൃശൂർ മാള സ്വദേശിനിയായ സിസ്റ്റർ സൗമ്യ ഇവിടെ ചുമതലയേറ്റത്. വാഴപ്പള്ളി ആന്റണി- മറിയം ദമ്പതികളുടെ മകളാണണ്. സംസ്‌കാരം വ്യാഴാഴ്‌ച്ചഉച്ചയ്ക്ക് പൂവംലിറ്റിൽ ഫ്ളവർ പള്ളിയിൽ കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.

കണ്ണൂർ ജില്ലയിലെ സ്ഥിരം അപകടമേഖലകളിലൊന്നാണ് കണ്ണൂർ-കാസർകോട് ദേശീയപാതയിലെ തളിപറമ്പ് നഗരം. തളിപറമ്പ് ബസ് സ്റ്റാൻഡിനു സമീപത്തുള്ള സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ നിരവധിയാളുകൾക്കാണ് വാഹനമിടിച്ചു പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ സ്‌കൂൾ വിദ്യാർത്ഥിനി ഏറെ മാസത്തെ ചികിത്സയ്ക്കു ശേഷമാണ് രക്ഷപ്പെട്ടത്. വയോധികർ ഉൾപ്പടെ നിരവധി പേർക്ക് ഇവിടെ നിന്നും വാഹനമിടിച്ചു പരുക്കേറ്റിട്ടുണ്ട്. തളിപറമ്പ് ബസ് സ്റ്റാൻഡും യാത്രക്കാർക്ക് അപകടകെണിയൊരുക്കുന്നുണ്ട്. വാഹനങ്ങളുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികളും നാട്ടുകാരും പറയുന്നത്. ഇവർ ഹോംഗാർഡിന്റെ പൊലിസിന്റെയോ സേവനം ലഭിക്കാത്തതും അപകടങ്ങൾ വർധിക്കാൻ കാരണമായിട്ടുണ്ട്.