കണ്ണൂർ: പ്രണയവൈരാഗ്യത്താൽ യുവതിയെ വിവാഹം കഴിച്ചയച്ച വീട്ടിലേക്ക് അതിക്രമിച്ചു കയറി ഭർത്താവിനെയും ഭാര്യയെയും ബന്ധുവിനെയും കുത്തിപരുക്കേൽപ്പിച്ച യുവാവിനെ പരിയാരം പൊലിസ് അറസ്റ്റു ചെയ്തു. നീലേശ്വരംബക്കളത്തെ റബനീഷാണ്(22) അറസ്റ്റിലായത്.

പിലാത്തറ അറത്തിപറമ്പിലെ സി.കെ മധു(47) സി.കെ സജിത്ത്(34) ഭാര്യ അഞ്ജന(18) എന്നിവരെയാണ് ഇയാൾ വീട്ടിൽകയറി അക്രമിച്ചത്. അഞ്ജനയുടെ മുൻകാമുകനെന്നു അവകാശപ്പെട്ടുകൊണ്ടായിരുന്നു വീട്ടിലെത്തി ബഹളംവെച്ചത്. ഇതു ചോദ്യം ചെയ്ത പ്രകോപനത്തിലാണ് സജിത്തിന്റെ പിതാവിന്റെ സഹോദരൻ മധുവിനെയും പിന്നീട് സജിത്തിനെയും ഭാര്യയെയും അക്രമിച്ചത്.

മൂന്ന് മാസം മുൻപാണ്സജിത്ത് അഞ്ജനയെ വിവാഹംചെയ്തത്. റബനീഷ് ഏകപക്ഷീയമായി അഞ്ജനയെ പ്രണയിച്ചിരുന്നുവെന്നും എന്നാൽ റബനീഷിന് വിവാഹം ചെയ്തുകൊടുക്കാൻ വീട്ടുകാർ തയ്യാറായിരുന്നില്ലെന്നുമാണ് പൊലിസ് നൽകുന്ന പ്രാഥമിക വിവരം. വിവാഹശേഷം യുവതിക്കെതിരെ ഭീഷണി മുഴക്കിയ ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറി അക്രമം നടത്തുകയായിരുന്നു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട റബനീഷിനെ പരിയാരം പൊലിസ് നീലേശ്വരത്തു നിന്നാണ് അറസ്റ്റു ചെയ്തത്. പ്രതിയെ തളിപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.