കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു വർഷത്തോളം പീഡിപ്പിച്ച കേസിൽ പ്രതിക്ക് 128 വർഷം കഠിനതടവും 6.60 ലക്ഷംരൂപ പിഴയും ശിക്ഷവിധിച്ചു. കല്ലായി അറക്കത്തോടുക്ക വീട്ടിലെ ഇല്ലിയസ് അഹമ്മദി(35)നെയാണ് ശിക്ഷിച്ചത്. പൊലീസ് ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരേയുള്ള ഓരോ കുറ്റകൃത്യത്തിനും പരമാവധി ശിക്ഷ കോടതി വിധിക്കുകയായിരുന്നു.

കോഴിക്കോട് അതിവേഗ പോക്‌സോ കോടതി ജഡ്ജി രാജീവ് ജയരാജിന്റെതാണ് വിധി. ശിക്ഷ ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതി. 2020 ജൂൺമുതൽ 2021 ജൂൺവരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. പിഴസംഖ്യയിൽനിന്ന് അഞ്ചുലക്ഷംരൂപ പെൺകുട്ടിക്ക് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ആറുകൊല്ലവും ഏഴുമാസംകൂടി തടവ് അനുഭവിക്കേണ്ടിവരും.

മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ ബെന്നിലാലുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. മെഡിക്കൽ കോളേജ് സബ് ഇൻസ്‌പെക്ടർമാരായ വി.വി. ദീപ്തി, ഉണ്ണി നാരായൺ, മനോജ് കുമാർ, ശ്യാം എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ആർ.എൻ. രഞ്ജിത്ത് ഹാജരായി. സിവിൽ പൊലീസ് ഓഫീസർമാരായ വി സി. സിന്ധു, എം.സി. ബിജു എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.