ബെംഗളൂരു: ഇതര മതത്തിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിനു കോളേജ് വിദ്യാർത്ഥിനിയെ സഹോദരൻ തടാകത്തിൽ തള്ളിയിട്ടു കൊന്നു. വെള്ളത്തിൽ മുങ്ങിത്താണ മകളെ രക്ഷിക്കാനായി പിന്നാലെ ചാടിയ അമ്മയും മുങ്ങി മരിച്ചു. മൈസൂരു ഹുൻസൂർ കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയായ ധനുശ്രീ(19), അമ്മ അനിത(40) എന്നിവരാണു മരിച്ചത്.

കൊലനടത്തിയ നിതിനെ(22) പൊലീസ് അറസ്റ്റ് ചെയ്തു. അടുത്തുള്ള ഗ്രാമത്തിലെ ബന്ധു വീട്ടിലേക്ക് ഇരുവരെയും ബൈക്കിൽ കൊണ്ടു പോയ നിതിൻ തടാകത്തിന് അടുത്തെത്തിയപ്പോൾ വാഹനം നിർത്തി. ശേഷം ധനുശ്രീയെ തടാകത്തിലേക്കു തള്ളിയിടുകയായിരുന്നു. ധനുശ്രീയെ രക്ഷിക്കാൻ അനിതയും തടാകത്തിലേക്കു ചാടിയെങ്കിലും മുങ്ങി മരിക്കുകയായിരുന്നു. തുടർന്നു വീട്ടിൽ തിരിച്ചെത്തിയ നിതിൻ കുറ്റം ഏറ്റുപറഞ്ഞതോടെ അച്ഛൻ സതീഷ് പൊലീസിനെ സമീപിക്കുകയായിരുന്നു.

പ്രണയബന്ധത്തെ ചൊല്ലി ധനുശ്രീയും നിതിനും തമ്മിൽ തർക്കം പതിവായിരുന്നുവെന്നും ഇതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ് അറിയിച്ചു.