- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമരശേരി മണ്ഡലം കമ്മിറ്റിക്കെതിരെ കോൺഗ്രസ് നടപടി
കോഴിക്കോട്: ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട് പിരിവിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് താമരശേരി മണ്ഡലം കമ്മിറ്റിക്കെതിരെ നടപടി. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാറാണ് താമരശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയെ പിരിച്ചു വിട്ടതായി അറിയിച്ചത്. ഫണ്ട് പിരിക്കുന്ന കാര്യത്തിൽ വീഴ്ച വരുത്തുകയും നിരുത്തരവാദപരമായി സമീപനം സ്വീകരിക്കുകയും ചെയ്തതിനാണ് നടപടിയെന്ന് ഇതുസംബന്ധിച്ച കുറിപ്പിൽ അറിയിച്ചു.
ഫണ്ട് ഏറ്റുവാങ്ങുന്നതിനായി ഡി.സി.സി പ്രസിഡന്റും സംഘവും ഇന്നലെ വൈകീട്ട് മണ്ഡലം കമ്മിറ്റി ഓഫീസിൽ എത്തിയിരുന്നു. 3.6 ലക്ഷം ക്വാട്ടയായി നൽകിയതിൽ 1.3 ലക്ഷം രൂപ മാത്രമാണ് കമ്മിറ്റി സമാഹരിച്ചത്. തുക കുറഞ്ഞതിനാൽ തന്നെ ഡി.സി.സി പ്രസിഡന്റ് കാര്യമായൊന്നും സംസാരിക്കാതെ ഇവിടെ നിന്നും മടങ്ങുകയായിരുന്നു.
എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ താൻ സ്ഥാനം രാജിവയ്ക്കുകയാണെന്ന് കാണിച്ച് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.സി നസീമുദ്ദീൻ വാട്‌സ്ആപ്പ് മുഖേന ഡി.സി.സി പ്രസിഡന്റിന് രാജി കൈമാറി. തുടർന്ന് ഫണ്ട് സമാഹരിക്കുന്നതിൽ കാണിച്ച അലംഭാവം കണക്കിലെടുത്ത് എം.സി നസീമുദ്ദീൻ പ്രസിഡന്റായ മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടതായി ഡി.സി.സി പ്രസിഡന്റ് അറിയിക്കുകയായിരുന്നു.



