ആലപ്പുഴ: ആലപ്പുഴയിൽ കളക്റ്റ്രേറ്റ് മാർച്ചിനിടെ ഉണ്ടായ ലാത്തിച്ചാർജിൽ ഗുരുതരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാവ് മേഘ രഞ്ജിത്ത് അപകട നില തരണം ചെയ്തു. ഇനി രണ്ടു മാസം വിശ്രമം. യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയാണ് മേഘ.

'അടി കിട്ടിയതു മാത്രമേ ഓർമയുള്ളൂ. വേദന വന്ന് ശ്വാസം എടുക്കാൻ കഴിയാതെയായി ബോധം പോയി. തലയിലാരോ അടിക്കുന്നത് പോലെയുള്ള വേദനയാണ്'- മേഘ പറയുന്നു. ലാത്തി കൊണ്ടുള്ള അടിയിൽ കഴുത്തിലെ അസ്ഥികൾ തെന്നിമാറി. ഞരമ്പിന് ക്ഷതമേറ്റു. നിവർന്നിരിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ് മേഘയ്ക്ക്. ജീവിതമാർഗമായി കായംകുളത്ത് ഒരു ബ്യൂട്ടി സലൂൺ തുടങ്ങിയിരുന്നു. 25 ലക്ഷം വായ്പയെടുത്ത് തുടങ്ങിയ സംരംഭം കിടപ്പിലായതോടെ ഇനി എങ്ങനെ മുന്നോട്ടുകൊണ്ടുപോവും എന്നറിയില്ലെന്ന് മേഘ പറയുന്നു.

'ഡോക്ടർ പറഞ്ഞത് ഇനി ഒരിക്കലും വണ്ടി ഓടിക്കരുതെന്നാണ്. കൈയ്ക്ക് ബലക്കുറവുണ്ട്. ലോണെടുത്ത് സ്ഥാപനം തുടങ്ങിയിട്ട് 10 മാസമേ ആയുള്ളൂ. അവിടത്തെ ജോലികളെല്ലാം എന്റെ കൈകൊണ്ട് ചെയ്യേണ്ടതാണ്. എന്റെ ജീവിതം ഇനി എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയാത്ത അവസ്ഥയാണ്. കഴുത്തിലെ പരിക്ക് മാറാൻ മാസങ്ങളെടുക്കും എന്നാണ് ഡോക്ടർമാർ പറഞ്ഞത്'- മേഘ പറഞ്ഞു.