കൊച്ചി: തൊടുപുഴയിൽ മതനിന്ദ ആരോപിച്ച് അധ്യപകൻ പ്രൊഫ. ടി.ജെ ജോസഫ് കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ പ്രതി സവാദിനെ റിമാൻഡ് ചെയ്തു. ഫെബ്രുവരി 16 വരെയാണ് റിമാൻഡ് ചെയ്തത്. അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് എൻഐഎ കോടതിയിൽ അറിയിച്ചു. വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് എൻ ഐ എ വ്യക്തമാക്കി. സവാദിനെ എറണാകുളം സബ് ജയിലിൽ നിന്ന് കാക്കനാടുള്ള ജില്ലാ ജയിലിലേക്ക് മാറ്റുമെന്നും അന്വേഷണം പൂർത്തിയായിട്ടില്ലെന്നും എൻഐഎ അറിയിച്ചു.

2010 ജൂലൈ 4നാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈപ്പത്തി സവാദിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിയത്. ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം. ആക്രമണത്തിനു ശേഷം ഒളിവിൽ പോയ സവാദിനെ കഴിഞ്ഞ ദിവസമാണ് കണ്ണൂരിൽ നിന്ന് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ഷാജഹാൻ എന്ന് പേര് മാറ്റി കുടുംബമായി കണ്ണൂർ ജില്ലയിൽ താമസിച്ച് വരികയായിരുന്നു ഇയാൾ.