കൊച്ചി: അങ്കമാലിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടിൽ നിന്നും കടന്നുകളഞ്ഞ ഭർത്താവ് പിടിയിൽ. പാറക്കടവ് പുളിയനം മില്ലും പടി ഭാഗത്ത് ബാലൻ (72) നെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. ഭാര്യ ലളിത (62) യെയാണ് ഇയാൾ കൊലപ്പെടുത്തിയത്.

സംഭവശേഷം ഒളിവിലായിരുന്ന ബാലനെ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീം ചേർത്തലയിൽ നിന്നുമാണ് പിടികൂടിയത്. കഴിഞ്ഞ ഇരുപതിനായിരുന്നു സംഭവം. വീടിന്റെ ഹാളിൽ വച്ച് കഴുത്തിൽ കയറിട്ട് മുറുക്കിയാണ് കൊലപ്പെടുത്തിയത്.

ഭാര്യയോടുള്ള വിരോധമാണ് കൊലപാതകത്തിന്റെ കാരണമായിപ്പറയുന്നത്. സംഭവത്തിന് ശേഷം പ്രതി വിവിധയിടങ്ങളിൽ ഒളിവിലായിരുന്നു. ഡി.വൈ.എസ്‌പി എ.പ്രസാദ്, ഇൻസ്‌പെക്ടർ പി. ലാൽ കുമാർ , എസ്‌ഐ മാർട്ടിൻ ജോൺ, എഎസ്ഐമാരായ രാജേഷ് കുമാർ, കെ.പി വിജു, സീനിയർ സിപിഒമാരായ അജിതാ തിലകൻ , ദിലീപ് കുമാർ, എബി സുരേന്ദ്രൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.