കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിൽ അന്ത്യോദയ എക്സ്പ്രസ് തീവണ്ടിക്കുനേരേ കല്ലേറ്. വെള്ളിയാഴ്ച രാത്രി 9.30-നാണ് സംഭവം. മംഗളൂരുവിൽനിന്ന് കൊച്ചുവേളിയിലേക്ക് പോകുകയായിരുന്ന തീവണ്ടിയുടെ മുന്നിലെ കംപാർട്ടുമെന്റിലൊന്നിലാണ് കല്ലുപതിച്ചത്. പാളത്തിന്റെ കിഴക്കുഭാഗത്തുനിന്നാണ് കല്ലേറുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ലോക്കോ പൈലറ്റ് സി.ബി. ജഗദീഷ് ഉടൻ റെയിൽവേ കൺട്രോൾ റൂമിലേക്കും അവിടെനിന്ന് ഹൊസ്ദുർഗ് സ്റ്റേഷനിലേക്കും വിവരമറിയിച്ചു. ഇൻസ്പെക്ടർ കെ.പി. ഷൈൻ സ്ഥലത്തെത്തിയെങ്കിലും ആരെയും പിടിക്കാനായില്ല. നാലു കുട്ടികൾ കല്ലുമായി നിൽക്കുന്നത് തീവണ്ടിയുടെ ഹെഡ്ലൈറ്റിൽ കണ്ടതായി ലോക്കോ പൈലറ്റ് മൊഴി നൽകിയതായി റെയിൽവേ പൊലീസ് പറഞ്ഞു. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. ശനിയാഴ്ച കാഞ്ഞങ്ങാട് ഡവൈ.എസ്‌പി. പി. ബാലകൃഷ്ണൻ നായർ കല്ലേറുണ്ടായ സ്ഥലം പരിശോധിച്ചു. ഒരുവർഷത്തിനിടെ കണ്ണൂർ, കാസർകോട് ജില്ലകളിൽ 25-ലേറെ ഇടങ്ങളിലാണ് തീവണ്ടിക്കുനേരേ കല്ലേറുണ്ടായത്.