- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖരമാലിന്യ സംസ്‌കരണം: നഗരപ്രദേശങ്ങളിലെ മാലിന്യത്തിന്റെ അളവ് തിട്ടപ്പെടുത്താൻ സർവേ
തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള നഗര തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ ഉത്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ അളവും സവിശേഷതകളും തിട്ടപ്പെടുത്താനുള്ള സർവേയുമായി കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി(കെഎസ് ഡബ്ല്യുഎംപി). ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 42 നഗര തദ്ദേശ സ്ഥാപനങ്ങളിലെ സർവേ പൂർത്തിയായി. ബാക്കിയുള്ള 51 ഇടങ്ങളിലെ സർവേ പുരോഗമിക്കുന്നു.
കേരളത്തിലെ സുസ്ഥിര ഖരമാലിന്യ സംസ്‌കരണം ലക്ഷ്യമാക്കി ലോകബാങ്ക് സഹായത്തോടെയാണ് കെഎസ് ഡബ്ല്യുഎംപി എട്ടു ദിവസം നീളുന്ന സർവേ നടത്തുന്നത്. വീടുകൾ, ഹോട്ടലുകൾ, സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, പബ്ലിക് യൂട്ടിലിറ്റികൾ തുടങ്ങിയവ ഉൾപ്പെടെ മാലിന്യം ഉൽപ്പാദിപ്പിക്കുന്ന എല്ലാ ഉറവിടങ്ങളും സർവേയിൽ പരിശോധിക്കും.
സർവേയുടെ അടിസ്ഥാനത്തിൽ അടുത്ത 25 വർഷത്തിനുള്ളിൽ നഗരങ്ങളിലെ ഖരമാലിന്യ സംസ്‌കരണ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക ഖരമാലിന്യ മാനേജ്‌മെന്റ് പ്ലാനുകൾ തയ്യാറാക്കും. നഗര തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ ഉത്പാദിപ്പിക്കുന്ന പ്രതിശീർഷ മാലിന്യത്തിന്റെ അടിസ്ഥാനത്തിലാണ് ഖരമാലിന്യ മാനേജ്‌മെന്റ് പ്ലാനുകൾ തയ്യാറാക്കുക.
സംസ്ഥാനത്തെ മുഴുവൻ മുനിസിപ്പാലിറ്റികളുടേയും കോർപറേഷനുകളുടേയും പരിധിയിൽ ഉത്പാദിപ്പിക്കുന്ന ഖരമാലിന്യത്തിന്റെ അളവ് വിലയിരുത്താൻ ഇതിലൂടെ ലക്ഷ്യമിടുന്നു. നഗരങ്ങളിലെ വിവിധ തരം മാലിന്യങ്ങളുടെ അളവും സ്വഭാവവും തിരിച്ചറിയുക, മാലിന്യ സംസ്‌കരണത്തിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുക, പുനഃചംക്രമണത്തിലൂടെയും പുനരുപയോഗത്തിലൂടെയും മാലിന്യത്തിന്റെ അളവ് കുറയ്ക്കുക തുടങ്ങിയവയും സർവേയിലൂടെ ലക്ഷ്യമിടുന്നു.
മുനിസിപ്പൽ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് മാനുവൽ വോളിയം രണ്ട് അനുസരിച്ച് ഖരമാലിന്യ സംസ്‌കരണ ആസൂത്രണത്തിന്റെ അവശ്യ ഘടകങ്ങളിലൊന്നാണ് മാലിന്യ അളവ് വിലയിരുത്തൽ. ഖരമാലിന്യ സംസ്‌കരണത്തിനുള്ള സുസ്ഥിരവും മികച്ചതുമായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, കാര്യക്ഷമതയും ഫലപ്രാപ്തിയും മെച്ചപ്പെടുത്തുക, ജനങ്ങൾക്കിടയിലെ ബോധവത്ക്കരണം ഊർജിതമാക്കുക, ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനവും കാർബൺ ഫൂറ്റ് പ്രിന്റും കുറയ്ക്കുക തുടങ്ങിയവ പ്രാവർത്തികമാക്കാൻ നഗര തദ്ദേശ സ്ഥാപനങ്ങളിലെ സർവേയിലെ വിവരങ്ങൾ വിലയിരുത്തുന്നതിലൂടെ സാധിക്കും.



