തിരുവനന്തപുരം: നാല്പതാമത് ദക്ഷിണ മേഖലാ കാർഷിക ഗവേഷണ-വിജ്ഞാനവ്യാപന ഉപദേശകസമിതി യോഗവും കർഷക-ശാസ്ത്രജ്ഞ മുഖാമുഖവും 29ന്. രാവിലെ 9 മണി മുതൽ വെള്ളായണി കാർഷിക കോളേജിൽ വച്ച് കേരള കാർഷിക സർവകലാശാല ദക്ഷിണ മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഇത് സംഘടിപ്പിക്കുന്നത്.

കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ബി. അശോക് ഐഎഎസിന്റെ അധ്യക്ഷതയിൽ സംസ്ഥാന കൃഷി വകുപ്പ് ഡയറക്ടർ സീറാം സാംബശിവറാവു ഐഎഎസ്പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നു. സർവകലാശാലയുടെ ഗവേഷണ വിഭാഗം മേധാവി മധു സുബ്രമണ്യൻ,ഫാക്കൽറ്റി ഡീൻ ഡോ. റോയ് സ്റ്റീഫൻ, ദക്ഷിണ മേഖല കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. കെ.എൻ.അനിത്, ദക്ഷിണ മേഖല വിജ്ഞാന വ്യാപന വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഡോ. ശ്രീദയ ജി. എസ്., , കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, സർവകലാശാലയിലെ ശാത്രജ്ഞർ, തെരഞ്ഞെടുക്കപ്പെട്ട കർഷക പ്രതിനിധികൾ എന്നിവർ പ്രസ്തുത യോഗത്തിലും മുഖാമുഖത്തിലും പങ്കെടുക്കുന്നതാണ്.

പ്രായോഗികതലത്തിൽ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ ശാസ്ത്രീയമായ വേദിയിൽ വിശദമായി അവതരിപ്പിക്കാനും, അവയ്ക്കുള്ള പരിഹാരനിർദേശങ്ങൾ ഉടനടി നേടാനും ഈ പരിപാടിയിലൂടെ സാധിക്കുന്നതായിരിക്കും. കൂടാതെ കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടുവാനും അവസരമുണ്ട്. സംയോജിത കൃഷി സമ്പ്രദായ മാതൃകകൾ, ചെറുധാന്യ കൃഷി, പഴം-പച്ചക്കറികളുടെ വിളവെടുപ്പാനന്തര പരിചരണ മുറകളും മൂല്യവർദ്ധനവും തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ നയിക്കുന്ന ക്ലാസ്സുകളോടൊപ്പം സാങ്കേതിക വിദ്യാ പ്രദർശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

യോഗത്തിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന എല്ലാ കർഷകർക്കും കേരള കാർഷിക സർവകലാശാലയിൽ നിന്നുള്ള മേൽത്തരം നടീൽ വസ്തുക്കളും ജൈവ കാർഷികോല്പാദനോപാധികളും സൗജന്യമായി ലഭിക്കുന്നതായിരിക്കും.