- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഡംബര വിവാഹങ്ങൾക്കും അന്താരാഷ്ട്ര സമ്മേളനങ്ങൾക്കും വേദിയാകാൻ സമുദ്ര കോവളം
തിരുവനന്തപുരം: ആഡംബര വിവാഹങ്ങൾക്കും അന്താരാഷ്ട്ര സമ്മേളനങ്ങൾക്കും വേദിയാകാൻ ലോകോത്തര സവിശേഷതകളോടെ നവീകരിച്ച കോവളത്തെ ഹോട്ടൽ സമുദ്ര ഹോട്ടൽ ഒരുങ്ങുന്നു.
കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ(കെ.ടി.ഡി.സി.) ഡെസ്റ്റിനേഷൻ പ്രോപ്പർട്ടികളിലൊന്നായ സമുദ്ര റിസോർട്ട് ചൊവ്വാഴ്ച (ജനുവരി 30) വൈകുന്നേരം 5.30 ന് ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് തുറന്നു കൊടുക്കും. കെടിഡിസി ചെയർമാൻ പി കെ. ശശി, ടൂറിസം സെക്രട്ടറി കെ. ബിജു, മാനേജിങ് ഡയറക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും.
കേരളം മികച്ച വിവാഹ ഡെസ്റ്റിനേഷനായി മാറുന്ന സാഹചര്യത്തിൽ നവീകരിച്ച സമുദ്ര റിസോർട്ട് സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടാണ്. കേരളത്തിലെ ബീച്ച് ടൂറിസത്തിന്റെ മുഖമുദ്രയായ കോവളത്താണ് കെടിഡിസി യുടെ പ്രീമിയം റിസോട്ടായ സമുദ്ര സ്ഥിതി ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്.
50 മുറികളുമായി 1981 ലാണ് കോവളത്ത് സമുദ്ര പ്രവർത്തനമാരംഭിച്ചത്. കോവളത്തെത്തുന്ന ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികൾക്ക് ഇവിടുത്തെ സൗന്ദര്യം മുഴുവൻ ആസ്വദിക്കാവുന്ന രീതിയിലാണ് സമുദ്രയുടെ രൂപകല്പന. സമുദ്രയിലെ എല്ലാ മുറികളും കടലിന് അഭിമുഖമാണെന്നതും ശ്രദ്ധേയമാണ്. കൂടുതൽ വിനോദസഞ്ചാരികളെത്തിയതോടെ 1997-ൽ 12 മുറികളുള്ള പുതിയ ബ്ലോക്കും രണ്ട് കോട്ടേജുകളും ഇതിനൊപ്പം ചേർത്തു. ഇത്തവണ 12.68 കോടി രൂപ ചെലവഴിച്ച് 40 മുറികൾ മൂന്നു ഘട്ടമായാണ് നവീകരിച്ചത്.
ഡെസ്റ്റിനേഷൻ വെഡ്ഡിംഗിലെ മികച്ച കേന്ദ്രങ്ങളിലൊന്നായ സമുദ്രയിലെ ജി വി രാജ കൺവൻഷൻ സെന്ററും ബീച്ചിന് അഭിമുഖമായുള്ള പുൽത്തകിടിയും നവീകരണത്തിന്റെ ഭാഗമായി മോടി പിടിപ്പിച്ചിട്ടുണ്ട്. ബിസിനസ് ഹൗസുകളുടെ മീറ്റിംഗുകൾ, ശാസ്ത്ര കോൺഫറൻസുകൾ, പ്രൊഫഷണൽ സംഘടനകളുടെ ഒത്തുചേരൽ തുടങ്ങിയവയ്ക്കുള്ള സൗകര്യവും നവീകരിച്ച സമുദ്രയിലുണ്ട്. ഇത്തരത്തിലുള്ള അന്താരാഷ്ട്ര സമ്മേളനങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് നവീകരണം നടത്തിയത്.
സീ വ്യൂ കോട്ടേജ്, സുപ്പീരിയർ സീ വ്യൂ, പ്രീമിയം സീ വ്യൂ, പ്രീമിയം പൂൾ വ്യൂ, സീ വ്യൂ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി 64 മുറികളാണ് സമുദ്രയിലുള്ളത്. ഇവിടുത്തെ മികച്ച റെസ്റ്റോറന്റ്, സ്വിമ്മിങ് പൂൾ, നവീകരിച്ച പുൽത്തകിടി തുടങ്ങിയവ സന്ദർശകർക്ക് വേറിട്ട അനുഭവമാകും.
നവീകരണത്തിന്റെ ഭാഗമായുള്ള പുതിയ എ സി പ്ലാന്റ് നിർമ്മാണം, മികച്ച ഇലക്ട്രിക്കൽ വർക്കുകൾ, ആകർഷകമായ യാർഡ് ലൈറ്റിങ്, അപ്രോച്ച് റോഡ് ടാറിങ് തുടങ്ങിയവ സമുദ്രയെ കൂടുതൽ ആകർഷകമാക്കുന്നു. നവീകരണ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടത്തിൽ ശേഷിക്കുന്ന 20 മുറികൾ നവീകരിക്കും.
1965-ൽ നാല് ഹോട്ടലുകളുമായി പ്രവർത്തനം ആരംഭിച്ച കെടിഡിസി പിന്നീട് രാജ്യത്തെ തന്നെ ഏറ്റവും വലുതും പ്രശസ്തവുമായ പൊതുമേഖലാ ഹോസ്പിറ്റാലിറ്റി, ടൂറിസം സംരംഭമായി വളർന്നു. ആഡംബര റിസോർട്ടുകൾ മുതൽ മധ്യനിര ഹോട്ടലുകളും മോട്ടലുകളും ഉൾപ്പെടെ 70-ലധികം സ്ഥാപനങ്ങൾ കെടിഡിസി യ്ക്കു കീഴിലുണ്ട്.
ബീച്ചുകൾ, കായലോരങ്ങൾ, ഹിൽ സ്റ്റേഷനുകൾ, ദ്വീപുകൾ, തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം കെടിഡിസി ഹോട്ടലുകൾ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ഇതിൽ ഏഴെണ്ണം പ്രീമിയം റിസോർട്ടുകളാണ്, 11 ബജറ്റ് ഹോട്ടലുകൾ, എട്ട് ഇക്കോണമി ഹോട്ടലുകൾ, വഴിയോര വിശ്രമ സൗകര്യങ്ങൾ എന്നിവയും കെടിഡിസി സ്ഥാപനങ്ങളുടെ പട്ടികയിലുണ്ട്.
കേന്ദ്രീകൃത ഓൺലൈൻ ബുക്കിങ് സൗകര്യം, ഉപഭോക്താക്കളുടെ താല്പര്യം അനുസരിച്ചുള്ള വൈവിധ്യമാർന്ന ടൂർ പാക്കേജുകൾ എന്നിങ്ങനെയുള്ള വിപുലമായ സാധ്യതകൾ കെടിഡിസി യെ വിനോദസഞ്ചാരികളുടെ മുൻനിര തിരഞ്ഞെടുപ്പുകളിൽ ഒന്നാക്കി മാറ്റി. ലോക ടൂറിസം ഭൂപടത്തിൽ തേക്കടി, മൂന്നാർ, കോവളം തുടങ്ങിയ സ്ഥലങ്ങളെ അടയാളപ്പെടുത്തുന്നതിലും കെടിഡിസി സ്ഥാപനങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
റൂം ബുക്കിങ്, ഡെസ്റ്റിനേഷൻ വെഡ്ഡിങ്/ കോൺഫറൻസ് വെന്യൂ ബുക്കിങ് എന്നിവയ്ക്ക് സമുദ്രയുടെ 0471-2480089, 2481412 എന്നീ നമ്പറുകളിലോ 1800 425 0123 എന്ന നമ്പറിൽ കെടിഡിസിയുടെ സെൻട്രൽ റിസർവേഷൻ സെന്ററുമായോ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് www.ktdc.com സന്ദർശിക്കുക.



