തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. സിആർപിഎഫ്, ആർഎസ്എസുകാർക്ക് സംരക്ഷണം നൽകാനാണെന്ന പരാമർശം ഖേദകരവും വസ്തുതാ വിരുദ്ധമാണെന്നും മുരളീധരൻ പറഞ്ഞു.

സിആർപിഎഫ് രാജ്യത്തിന് അഭിമാനമാണ്. പിണറായിയുടെ വാർത്താ സമ്മേളനത്തിലെ പരാമർശം മലയാളിയെന്ന നിലക്ക് അപമാനകരമാണ്. ഏറെ മലയാളികളും ഭാഗമായ സിആർപിഎഫിന്റെ മനോവീര്യം പിണറായി തകർക്കുകയാണ്.

മുഖ്യമന്ത്രി രാജ്യത്തോട് മാപ്പ് പറയണം. സർക്കാരിന്റെ പല ഇടപെടലുകൾക്കും ഗവർണർ തടസമായി. അതാണ് സർക്കാരിന്റെ പ്രശ്‌നം. സംസ്ഥാന പൊലീസിന് വീഴ്ച പറ്റിയതു കൊണ്ടാണ് ഗവർണറുടെ സുരക്ഷക്ക് കേന്ദ്രസേന വന്നത്. ഗവർണറുടെ റൂട്ട് ചോർച്ച അന്വേഷിക്കാത്തത് എന്തുകൊണ്ടാണ്.

മാവോയിസ്റ്റുകളെയും തീവ്രവാദികളെയും നേരിടുന്ന സിആർപിഎഫിനെ ആർഎസ്എസുമായി കൂട്ടിക്കെട്ടിയത് ലജ്ജാകരമാണ്. മോദിയോടുള്ള അന്ധമായ എതിർപ്പ് കാരണം സേനയെ അപമാനിക്കരുത്. ഗവർണർക്ക് തെരുവിൽ പ്രതിഷേധിക്കേണ്ട സാഹചര്യം ഉണ്ടാക്കിയതാണ് തെറ്റെന്നും അദ്ദേഹം പറഞ്ഞു.