കൊച്ചി: കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ആഗോളതാപനം നിയന്ത്രിക്കാനുള്ള മുൻകരുതൽ അനിവാര്യമാണെന്ന് 'പെഡിക്കോൺ-2024' ദേശീയ സമ്മേളനം. അനുയോജ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഭാവിയിൽ നവജാത ശിശുക്കളുടെ അടക്കം ആരോഗ്യത്തെ വലിയ തോതിൽ ബാധിക്കാൻ സാധ്യതയുണ്ടെന്ന് കൊച്ചിയിൽ നാലു ദിവസമായി നടന്നുവന്ന ശിശുരോഗ വിദഗ്ദരുടെ സംഘടനയായ ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സിന്റെ 61 ാമത് ദേശീയ സമ്മേളനം മുന്നറിയിപ്പു നൽകി.

ആഗോള താപനവും അന്തരീക്ഷ മലിനീകരണവും മാനവരാശിയെയും ജീവജാലങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ പ്രകൃതിയെ സംരക്ഷിക്കുന്നതിന് മുൻതൂക്കം കൊടുക്കണം.ജീവിത ശൈലി രോഗളുടെ പ്രധാന കാരണം മനുഷ്യർ പ്രകൃതിയിൽ നിന്നും അകലുന്നതാണ്. കുട്ടികൾ പോലും ജീവിത ശൈലീ രോഗങ്ങൾക്ക് അടിമപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഫാസ്റ്റ് ഫുഡ് സംസ്‌ക്കാരം കുട്ടികളുടെ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. ഇക്കാര്യങ്ങളിൽ എല്ലാം ബോധവൽക്കരണം അനിവാര്യമാണെന്നും ശിശുരോഗ വിദഗ്ദർ ചൂണ്ടിക്കാട്ടി. അന്തരീക്ഷ മലിനീകരണം കുട്ടികളെ വലിയ തോതിൽ ബാധിക്കുന്നുണ്ട്.ഇന്നത്തെ കുട്ടികളാണ് നാളത്തെ തലമുറ. അതുകൊണ്ടുതന്നെ കുട്ടികളുടെ ആരോഗ്യ സംരക്ഷണം അതിപ്രധാനമാണ്.അതിന് നാം തയ്യാറായില്ലെങ്കിൽ ഭാവിയിൽ വലിയ പ്രത്യാഘാതങ്ങളായിരിക്കും നേരിടേണ്ടി വരിക.

പ്രകൃതിയെ സംരക്ഷിക്കുകയും ഒപ്പം കുട്ടികളെ പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ പ്രാപ്തരാക്കുകയും ചെയ്യണമെന്നും സമ്മേളനം നിർദ്ദേശിച്ചു.കുട്ടികൾ പ്രായപൂർത്തിയാകുന്നതുവരെ മാതാപിതാക്കളുടെ തണലിൽ കഴിയുന്നവരാണ്.അതു കൊണ്ടുതന്നെ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിൽ മാതാപിതാക്കൾക്ക് നിർണ്ണായക പങ്കാണുള്ളതെന്നും വീടുകളിൽ നിന്നും ബോധവൽക്കരണം ആരംഭിക്കണമെന്നും സമ്മേളനം വിലയിരുത്തി.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഏഴായിരത്തിലധികം ശിശുരോഗ വിദഗ്ദരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. സമ്മേളനത്തിൽ കുട്ടികളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് 600 ലധികം പ്രബന്ധങ്ങൾ അവതരിപ്പിച്ചു.12 വേദികളിലായി വിവിധ വിഷയങ്ങളിൽ നടന്ന സെമിനാറുകൾക്ക് ഇന്ത്യയിൽ നിന്നും അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നായി 1200 ലധികം വിദഗ്ദ ഡോക്ടർമാർ നേതൃത്വം നൽകി.

സമാപന സമ്മേളനം ഐ.എ.പി ദേശീയ പ്രസിഡന്റ് ഡോ. ജി വി ബസവരാജ് ഉദ്ഘാടനം ചെയ്തു.ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഡോ. സച്ചിദാനന്ദ കമ്മത്ത് അധ്യക്ഷത വഹിച്ചു.പ്രസിഡന്റ് ഇലക്ട് ഡോ.വസന്ത്.എം ഖലേത്കർ,ട്രഷറർ ഡോ, അതനു ബദ്ര, ഐ.എ.പി കേരള പ്രസിഡന്റ് ഡോ.ഷിമ്മി പൗലോസ്, കൊച്ചി ചാപ്റ്റർ പ്രസിഡന്റ് ഡോ.എം.എസ് നൗഷാദ്, ഓർഗനൈസിങ് കമ്മിറ്റി സെക്രട്ടറി ഡോ. എം നാരായണൻ, ട്രഷറർ ഡോ. എം.ഐ ജുനൈദ് റഹ്‌മാൻ,ഡോ.എം. വേണുഗോപാൽ,ഡോ. അബ്രാഹം കെ. പോൾ,ഡോ. ആർ. രമേഷ് കുമാർ, ഡോ.സജിത് ജോൺ, ഡോ.ഡി. ബാലചന്ദ് തുടങ്ങിയവർ സംസാരിച്ചു.

'പെഡിക്കോൺ-2024 'കേരളത്തിന്റെ ടൂറിസം അടക്കമുള്ള വിവിധ മേഖലകൾക്ക് സമ്മാനിച്ചത് വൻ സാമ്പത്തിക മുന്നേറ്റമെന്നാണ് വിലയിരുത്തൽ. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഏഴായിരത്തിലധികം ഡോക്ടർമാരും അവരുടെ കുടുംബാംഗങ്ങളുമടക്കം ഇരുപതിനായിരത്തിലധികം പേരാണ് നാലു ദിവസമായി കൊച്ചിയിൽ നടന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ ഒഴുകിയെത്തിത്. ഇത്് കൊച്ചിയുടെയും ആലപ്പുഴ,കുമരകം,മൂന്നാർ അടക്കമുള്ള വിനോദ സഞ്ചാരമേഖലകൾക്കും ഹോട്ടലുകൾ,മാളുകൾ അടക്കമുള്ള ഷോപ്പിങ് കേന്ദ്രങ്ങൾക്കും കൊച്ചി മെട്രോ, വാട്ടർമെട്രോ, ഓട്ടോ,ടാക്സി മേഖലകൾക്കും വലിയ തോതിൽ ഗുണകരമായെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൊച്ചിയുടെ ഗതാഗതത്തെ ബാധിക്കാതെ മറൈൻഡ്രൈവിൽ നിന്നും ബോൾഗാട്ടി വരെ വാട്ടർ മെട്രോയിലും അവിടെ നിന്നും ഇ ഓട്ടോകളിലും ടാക്സികളിലുമാണ് പ്രതിനിധികളെ സമ്മേളനവേദിയായ ഗ്രാന്റ് ഹയാത്തിൽ എത്തിച്ചത്.രാവിലെ ഏഴര മുതൽ രാത്രി 11.30 വരെ 15 മിനിറ്റ് ഇടവിട്ട് വാട്ടർമെട്രോ സർവ്വീസ് നടത്തി. പേപ്പർ രഹിതമായി ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനമെന്ന ബഹുമതിയും പെഡിക്കോൺ-2024 സ്വന്തമാക്കി. സമ്മേളന നടത്തിപ്പിനായി പ്രത്യേക ആപ്പ് രൂപ കൽപ്പന ചെയ്തിരുന്നു.ഗതാഗതം,പാർക്കിങ്,സമ്മേളന വേദികൾ, വിഷയങ്ങൾ, ഫാക്കൽറ്റികൾ അടക്കം മുഴുവൻ വിവരങ്ങളും ഒറ്റക്ലിക്കിൽ പ്രതിനിധികൾക്ക് ലഭ്യമാകുന്ന വിധത്തിലാണ് ആപ്പ് രൂപ കൽപ്പന ചെയ്തിരുന്നത്.