കണ്ണൂർ: മട്ടന്നൂരിൽ കാറിൽ സൂക്ഷിച്ചിരുന്ന ചന്ദനം പിടികൂടി. ശിവപുരം മരുവഞ്ചേരിയിൽ കെപി പ്രജിത്തിന്റെ വീടിനടുത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് ചന്ദനം പിടികൂടിയത്. 16 കിലോഗ്രാം ചന്ദനമരത്തടിയാണ് കണ്ടെത്തിയത്. വെങ്ങാടുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന ചന്ദനമാണ് മുറിച്ചുകടത്തിയത്.

സംഭവത്തിൽ പ്രജിത്തിനെയും ഇയാളുടെ സഹായി നിധീഷ്, വിനോദ് എന്നിവരെയും ചന്ദനം കടത്താൻ ഉപയോഗിച്ച വാഹനവും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. വിപണിയിൽ ഏകദേശം 15,000 രൂപ വിലമതിക്കുന്ന ചന്ദനമാണിതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നേരോത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.