തിരുവനന്തപുരം: നാഗർകോവിൽ ഡോക്ടറുടെ വീട്ടിൽ നിന്ന് 90 പവൻ സ്വർണ്ണവും പണവും കവർന്ന മലയാളി യുവാവ് പഞ്ചാബിൽ നിന്നും പിടിയിലായി. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയെയാണ് പഞ്ചാബിൽ ഒളിവിൽ കഴിയവെ പിടികൂടിയത്.

നിരവധി കവർച്ച കേസുകളിലെ പ്രതിയായ ബാലരാമപുരം നരുവാമൂട് വലിയറത്തല സ്വദേശി ആദിത് ഗോപനാണ് (30) അറസ്റ്റിലായത്. ആദിത് ഗോപനെ തമിഴ്‌നാട് പൊലീസ് ആണ് പഞ്ചാബിൽ നിന്നും അറസ്റ്റ് ചെയ്തത്.

തിരുനെൽവേലി മെഡിക്കൽ കോളജിലെ ഡോക്ടർ കലൈകുമാറിന്റെ നാഗർകോവിൽ പ്ലസന്റ് നഗറിലെ വീട്ടിൽ കഴിഞ്ഞ ഏഴിനാണ് കവർച്ച നടന്നത്. പരാതി ലഭിച്ചതോടെ കന്യാകുമാരി ജില്ലാ പൊലീസ് മേധാവി സുന്ദരവദനം അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇവർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പഞ്ചാബിൽ നിന്നും പിടികൂടിയത്. ഇയാളിൽ നിന്നും 90 പവനും പണവും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

ആദിത് ഗോപന്റെ ഭാര്യ പഞ്ചാബ് സ്വദേശിയാണ്. അതിനാലാണ് മോഷണശേഷം ഉടൻ തന്നെ ഇയാൾ പഞ്ചാബിലേക്ക് കടന്നത്. കന്യാകുമാരി ജില്ലയിൽ മറ്റ് നാല് കവർച്ച കേസുകളിൽ കൂടി ആദിത് ഗോപൻ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.