- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ സെലക്ഷൻ വാഗ്ദാനം ചെയ്ത് തട്ടിപ്പ്
കോട്ടയം: കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ടീമിൽ സെലക്ഷൻ ലഭിക്കുമെന്ന് വാഗ്ദാനംചെയ്ത് തട്ടിപ്പ്. ഞായറാഴ്ചയാണ് ത്ട്ടിപ്പ് നടന്നത്. സ്പോർട്സ്ഹുഡ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടുവഴി, സെലക്ഷൻ നടക്കുമെന്ന് പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും ലഭിച്ച അറിയിപ്പ് അനുസരിച്ച് കോട്ടയം സി.എം.എസ്.സ്‌കൂൾ ഗ്രൗണ്ടിൽ എത്തിയ നൂറിലധികം കുട്ടികളാണ് തട്ടിപ്പിന് ഇരയായത്.
അണ്ടർ 14, 17 ബാച്ചുകളുടെ സെലക്ഷനാണെന്ന് അറിയിച്ചാണ് തട്ടിപ്പ് നടത്തിയത്. കുട്ടികളിൽ നിന്നും 300 രൂപ ഫീസ് വാങ്ങിയിരുന്നു. ഓൺലൈനായും നേരിട്ടും പലരും പണം നൽകി. ഞായറാഴ്ച രാവിലെ എട്ടുമണിക്ക് തുടങ്ങുമെന്നുപറഞ്ഞ സെലക്ഷൻ ടെസ്റ്റ് വൈകീട്ട് മൂന്നിനാണ് ആരംഭിച്ചത്. സ്പോർട്സ്ഹുഡിന്റെ മൂന്ന് പ്രതിനിധികളെ ഉണ്ടായിരുന്നുള്ളൂ. ഇതിൽ സംശയം തോന്നിയ കുട്ടികളും രക്ഷിതാക്കളും അവരെ ചോദ്യംചെയ്തതോടെയാണ് തട്ടിപ്പാണെന്ന വിവരം പുറത്ത് വന്നത്. തുടർന്ന് പൊലീസിനെ അറിയിച്ചു.
കോട്ടയം വെസ്റ്റ് പൊലീസ് എത്തി മൂന്ന് പരിശീലകരെ ചോദ്യംചെയ്തു. സെലക്ഷനുവേണ്ടി 300 രൂപ ഫീസ് നേരിട്ട് അടച്ചവർക്ക് പണം തിരികെ നൽകുമെന്ന് ധാരണയായി. എന്നാൽ ഓൺലൈൻ വഴി പണമടച്ചവരുടെ കാര്യത്തിൽ തീരുമാനമായില്ല. ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലേക്ക് കുട്ടികളെ എടുക്കുന്നത് സ്പോർട്സ്ഹുഡ് അക്കാദമിയിൽ കളിയും കായികക്ഷമതയും പരിശോധിച്ചായിരിക്കുമെന്നും പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇവിടെ പരിശീലനം ലഭിക്കുന്ന കുട്ടികൾക്ക് സെലക്ഷൻ ലഭിക്കുമെന്നും പ്രചരിപ്പിച്ചെന്ന് ആലപ്പുഴയിൽ നിന്നെത്തിയ കുട്ടിയുടെ അമ്മ ലനിത പറഞ്ഞു.
തിരുനെൽവേലി, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിൽനിന്ന് നൂറിലേറെ കുട്ടികളാണ് സെലക്ഷനെത്തിയത്. ഇവരിൽ ഏറെയും ഇൻസ്റ്റഗ്രാമിലെ പരസ്യം കണ്ട് എത്തിയവരാണ്.



