പത്തനംതിട്ട: സംസ്ഥാനത്തെ സ്‌കൂളുകളിൽ കെട്ടിക്കിടക്കുന്ന ഇലക്ട്രോണിക് മാലിന്യവും (ഇ-വേസ്റ്റ്) മറ്റ് ഉപയോഗശൂന്യമായ ഖര മാലിന്യങ്ങളും ശാസത്രീയമായി തരംതിരിച്ച് നിർമ്മാർജനം ചെയ്യാനുള്ള സത്വര നടപടികൾ ആറു മാസത്തിനകം സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി.

സ്‌കൂളുകളിൽ ഐ.ടി. ഉപകരണങ്ങളും മറ്റ് പാഴ് വസ്തുക്കളും കൂട്ടിയിട്ട് അപകടം ക്ഷണിച്ചു വരുത്തുന്നുവെന്ന പരാതിയിലാണ് കമ്മിഷൻ അംഗം വി.കെ.ബീനാകുമാരിയുടെ ഉത്തരവ്.

കൈറ്റ് മേധാവിയിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി. 2017 ജൂൺ 20 ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 1963/17 ഉത്തരവ് പ്രകാരം സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഇ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി വഴി ശാസ്ത്രീയമായി നിർമ്മാർജനം ചെയ്യുന്നതിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൈറ്റ് ക്രമീകരണം ഒരുക്കിയിട്ടുണ്ട്. 2019 ജൂൺ 14 വരെ സ്‌കൂളുകളിൽ നിന്നും ഉൾപ്പെടെ 741 ടൺ ഇ മാലിന്യങ്ങൾ നിർമ്മാർജനം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ റിപ്പോർട്ടിലുള്ളത് ഐ.ടി. ഉപകരണങ്ങളുടെ നിർമ്മാർജനത്തെ കുറിച്ച് മാത്രമാണെന്നും ഇവേസ്റ്റിനെ കുറിച്ച് പരാമർശമില്ലെന്നും പരാതിക്കാരൻ അറിയിച്ചു. വയല അറുകാലിക്കൽ സ്വദേശി കെ. ഹരിപ്രസാദ് സമർപ്പിച്ച പരാതിയിലാണ് നടപടി.