കൊച്ചി: കൊച്ചിൻ കോർപ്പറേഷനും, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയും (എ.എം.എ.ഐ), ആര്യവൈദ്യ ഫാർമസി (കോയമ്പത്തൂർ)-യുമായി സഹകരിച്ച് സംഘടിപ്പിച്ച ആയുർവേദീയം എക്സ്പോ 2024, എറണാകുളം ടൗൺ ഹാളിൽ നടന്നു. ഇതോടനുബന്ധിച്ച് മെഗാ മെഡിക്കൽ ക്യാമ്പും പ്രദർശനവും സംഘടിപ്പിച്ചു. വെള്ളിയാഴ്ച എ.എം.എ.ഐ ജില്ലാ വനിതാ കമ്മറ്റി ചെയർപേഴ്സൺ ഡോ. എലിസബത്ത് മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു. എക്സ്പോയുടെ സംഘാടനത്തിൽ ലയൺസ് ക്ലബ്ബും വൈസ്മെൻ ഇന്റർനാഷണലും പങ്കാളികളായിരുന്നു.

എല്ലാ വർഷവും ആയുർവേദീയം എക്സ്പോ നടത്തണമെന്നും അതിനെല്ലാ സഹകരണവും കോർപ്പറേഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മേയർ അറിയിച്ചു. ആയുർവേദത്തിന് വേണ്ടി കൊച്ചി നഗരസഭ കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് സമയത്ത് ലോകം മുഴുവൻ പകച്ച് നിന്നപ്പോൾ ആയുർവേദം പ്രതിരോധത്തിന്റെ സാധ്യതകൾ തുറന്നു കൊടുത്തതായും ലോകം മുഴുവൻ അതംഗീകരിച്ചതായും ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന എ.എം.എ.ഐ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അജിത് കുമാർ പറഞ്ഞു. പാലിയേറ്റിവ് കെയറിൽ ആയുർവേദത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും. അതിനുവേണ്ടിയുള്ള പദ്ധതികൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം നഗരസഭയോട് അഭ്യർത്ഥിച്ചു.

ചടങ്ങിൽ ഡോ. ജിക്കു ഏലിയാസ് ബെന്നി എഴുതിയ ക്ലിനിക്കൽ ഓർത്തോപീഡിക്സ് ഇൻ ആയുർവേദ എന്ന പുസ്തകം ഡോ. അജിത് കുമാറിന് നൽകി മേയർ പ്രകാശനം ചെയ്തു. നഗരസഭാ കൗൺസിലർ പി.എസ് വിജു, ലയൺസ് ക്ലബ് ഡിസ്ട്രിട് ഗവർണർ ഡോ. ബീനാ രവികുമാർ, വൈസ്മെൻ ഇന്റർനാഷണൽ ഡിസ്ട്രിട് ഗവർണർ പീറ്റർ ഫെർണാണ്ടസ്, എ.എം.എ.ഐ സംസ്ഥന വനിതാ കമ്മറ്റി കൺവീനർ ഡോ. ടിന്റു എലിസബത്ത് ടോം, എറണാകുളം സോൺ സെക്രട്ടറി ഡോ. ജോയ്സ് പി. ജോർജ്ജ്, എ.എം.എ.ഐ ജില്ലാ പ്രസിഡന്റ് ഡോ. ജിൻഷിദ് സദാശിവൻ, ആയുർവേദിയം 2024 ജനറൽ കൺവീനർ ഡോ. ഹരിഷ് വാര്യർ, സംഘടക സമിതി ജോയിന്റ് കൺവീനർ ഡോ. ടോമി തോമസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

തുടർന്ന് രണ്ട് ദിവസമായി നടന്ന സൗജന്യ മെഗാ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യമ്പിന് 15 സ്പെഷ്യാലിറ്റി ഡോക്ടർമാർ നേതൃത്വം നൽകി. അഞ്ഞൂറിലേറെ വ്യക്തികൾ ക്യാമ്പിൽ പരിശോധനയ്ക്കെത്തി. വാതരോഗങ്ങൾ, ബാലരോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, ഓട്ടോഇമ്മ്യൂൺ ഡിസീസ്, ഗൈനക്കോളജി, കോസ്മെറ്റോളജി, നേത്രചികിത്സ, ത്വക് രോഗങ്ങൾ, പൈൽസ്, ഫിസ്റ്റുല, ഓർത്തോപീഡിക്സ്, സൈക്യാട്രി, മൂത്രാശയ രോഗങ്ങൾ, വന്ധ്യത, പ്രമേഹം, ജീവിതശൈലീ രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾക്കുള്ള പരിശോധനയും ചികിത്സയുമാണ് ക്യാമ്പിൽ ഒരുക്കിയത്.

ഇതോടൊപ്പം ആയുർവേദ കോളേജുകളുമായി സഹകരിച്ച് മെഡിക്കൽ എക്സിബിഷനും, നാഗാർജുനയുമായി സഹകരിച്ച് ഔഷധസസ്യ പ്രദർശനവും ഒരുക്കിയിരുന്നു. ഹെൽത്തി ഫുഡ് എന്നുള്ള ആശയം മുൻനിർത്തി മില്ലറ്റുകൾ ഉപയോഗിച്ചുണ്ടാക്കിയ ഭക്ഷണങ്ങളുടേതിന് പുറമേ വിവിധതരം ആയുർവേദ കോസ്മെറ്റോളജി ഉൽപ്പന്നങ്ങളുടെയും വെറ്റിനറി ആയുർവേദ മരുന്നുകളുടെയും പ്രദർശനവും വിപണനവും നടന്നു.