കോഴിക്കോട്: സ്‌കൂൾ വിദ്യാർത്ഥിനിയായ പതിനാലുകാരിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. കൊടുവള്ളി തെക്കേപുരയിൽ വലിയപറമ്പത്ത് വീട്ടിൽ നൗഷദിന്റെ മകൻ ടി.കെ അജ്മൽ(24) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെയും കുടുംബത്തിന്റെയും പരാതിയിൽ കുന്ദമംഗലം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടിയെ ഇയാൾ കുന്ദമംഗലം ബസ് സ്റ്റാന്റിൽ നിന്നും കൂടെ കൂട്ടി മുക്കത്തുള്ള സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് സംഘം മുക്കത്തെ വീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കുന്ദമംഗലം പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാർ. എസ്‌ഐ മാരായ അനീഷ്, അഭിലാഷ്, സുരേഷൻ, സി.പി.ഒ മാരായ സിജിത്ത്, വിജിത്ത് രഞ്ജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.