തിരുവനന്തപുരം: വീട്ടമ്മയ്‌ക്കെതിരെ വാട്‌സാപ് വഴി അശ്ലീല പോസ്റ്റ് പ്രചരിപ്പിച്ചവരുടെ വിവരങ്ങൾ കോടതി ആവശ്യപ്പെട്ടിട്ടും നൽകിയില്ല.ഇതേ തുടർന്ന് വാട്‌സാപ്പിന്റെ ഇന്ത്യയിലെ പ്രതിനിധി കൃഷ്ണമോഹൻ ചൗധരി ഏഴിനു നേരിട്ടു ഹാജരാകണമെന്ന് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. വാട്‌സാപ്പിനെതിരെ രാജ്യത്ത് ആദ്യമാണ് ഇത്തരത്തിൽ ഒരു കേസ്.

വാട്‌സാപ് പ്രതിനിധി ഹാജരായില്ലെങ്കിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കും. കിളിമാനൂരിലെ വീട്ടമ്മയുടെ പരാതിയിലാണു കേസെടുത്തത്. വീട്ടമ്മയ്‌ക്കെതിരെ വാട്‌സാപ് വഴി അശ്ലീല പോസ്റ്റ് പ്രചരിപ്പിക്കുക ആയിരുന്നു. ഇതേ തുടർന്ന് ഇവർ കോടതിയെ സമീപിക്കുക ആയിരുന്നു. അശ്ലീല പരാമർശം ആദ്യം പോസ്റ്റ് ചെയ്തത് ആരാണെന്ന വിവരം വാട്‌സാപ്പിനോട് പൊലീസ് തേടി. വിവരങ്ങൾ നൽകാനാകില്ലെന്നായിരുന്നു മറുപടി. കേന്ദ്രത്തിന്റെ പുതിയ ഐടി നയം പ്രകാരം, പോസ്റ്റ് ചെയ്തയാളുടെ വിവരം കൈമാറിയേ പറ്റൂ എന്നു വ്യക്തമാക്കി കോടതിയലക്ഷ്യ നോട്ടിസ് നൽകി. തുടർന്നാണു കോടതി ഉത്തരവ്.

മറ്റൊരു കേസിൽ, വനിതാ സൈക്കോളജിസ്റ്റിന്റെ ഫേസ്‌ബുക് പേജ് ഹാക്ക് ചെയ്ത് അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്ത കേസിൽ ഫേസ്‌ബുക് പ്രതിനിധിക്കെതിരെ അറസ്റ്റ് വാറന്റ് ഉത്തരവിടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സംഭവം.

ഹാക്ക് ചെയ്തയാളെ കണ്ടെത്താനും ചിത്രങ്ങൾ ഉടൻ നീക്കാനും ഐടി ആക്ട് 79 പ്രകാരം ഫേസ്‌ബുക്കിന് പൊലീസ് നോട്ടിസ് അയച്ചെങ്കിലും അവർ ഗൗനിച്ചില്ല. തുടർന്ന് ഫേസ്‌ബുക്കിനെതിരെ സംസ്ഥാനത്ത് ആദ്യ കേസ് രജിസ്റ്റർ ചെയ്തു. 72 മണിക്കൂർ സമയം നൽകിയിട്ടും പോസ്റ്റ് നീക്കിയില്ല. ഒടുവിൽ 10 ദിവസം കഴിഞ്ഞ് നീക്കി. ഈ കേസിൽ ഹാജരാകാൻ 3 തവണ നോട്ടിസ് അയച്ചിട്ടും മറുപടിയില്ലാതെ വന്നതോടെയാണ് പൊലീസ് കോടതിയെ സമീപിച്ചത്.