ന്യൂഡൽഹി: കേസുകളിലെ കക്ഷികളുടെ ജാതിയും മതവും രേഖപ്പെടുത്തുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ഹിമാ കോലി അധ്യക്ഷയായ ബെഞ്ച് ഇക്കാര്യം നിർദേശിച്ചത്. സുപ്രീംകോടതി രജിസ്ട്രിയോടും മറ്റ് കോടതികളോടുമാണ് കോതിയുടെ നിർദ്ദേശം. ജാതിയും മതവും പറയേണ്ട സാഹചര്യം കാണുന്നില്ലെന്നും അതുകൊണ്ടാണ് പൊതു ഉത്തരവിറക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.

ദാമ്പത്യതർക്കവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ കുടുംബകോടതിക്ക് മുമ്പാകെയുള്ള കേസ് മറ്റൊരിടത്തേക്കു മാറ്റണമെന്ന അപേക്ഷ പരിഗണിക്കവെയാണ് കക്ഷികളുടെ ജാതി രേഖപ്പെടുത്തിയിരിക്കുന്നത് സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഭാര്യയുടെയും ഭർത്താവിന്റെയും ജാതി കേസ് രേഖകളിലുണ്ടായിരുന്നു. കീഴ്ക്കോടതികളിലെ രേഖകളിലുള്ളതിനാലാണ് സുപ്രീംകോടതിയിലെത്തിയപ്പോഴും അത് മാറ്റാതിരുന്നതെന്ന് അഭിഭാഷകൻ പറഞ്ഞു.