മൂന്നാർ: മൂന്നാർ തണുത്ത് വിറയ്ക്കുന്നു.നിരവധി സ്ഥലങ്ങളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലെത്തി. കഴിഞ്ഞദിവസം ഗുണ്ടുമല അപ്പർ ഡിവിഷൻ, ദേവികുളം ഒ.ഡി.കെ. എന്നിവിടങ്ങളിലാണ് പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവുംകുറഞ്ഞ താപനിലയാണിത്. അതിശൈത്യം എത്തിയതോടെ ഈ പ്രദേശത്തെ പുൽമേടുകളിൽ വെള്ളം തണുത്തുറഞ്ഞു.

ലക്ഷ്മി എസ്റ്റേറ്റ് എല്ലപ്പട്ടി, ചൊക്കനാട് എന്നിവിടങ്ങളിൽ രണ്ട് ഡിഗ്രി, മൂന്നാർ ടൗണിൽ നാലു ഡിഗ്രി എന്നിങ്ങനെയാണ് താപനില. സാധാരണ, ഡിസംബറിൽ മേഖലയിലെ താപനില പൂജ്യത്തിന് താഴെ എത്തുമായിരുന്നു. ഇടയ്ക്കിടെ മഴ പെയ്തതിനാൽ ഇത്തവണ ഡിസംബറിൽ കാര്യമായ തണുപ്പില്ലായിരുന്നു.

കഴിഞ്ഞ സീസണിലെ ഏറ്റവുംകുറഞ്ഞ താപനില മൈനസ് നാല് ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഫെബ്രുവരി പകുതിവരെ തണുപ്പ് തുടരുകയും ചെയ്തു. താപനില പൂജ്യത്തിൽ എത്തിയതോടെ മൂന്നാറിൽ വിനോദസഞ്ചാരികളുടെ തിരക്കേറുമെന്നാണ് കരുതുന്നത്.