ചെന്നൈ: റോഡരികിൽ ഉറങ്ങിക്കിടന്ന 82-കാരിയെ പീഡിപ്പിച്ചുകൊന്ന കേസിൽ 17-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ എന്നൂരിലാണ് നാടിനെ നടുക്കിയ സംഭവം. റോഡരികിൽ താമസിച്ചിരുന്ന വയോധികയെയാണ് ലൈംഗികമായി പീഡിപ്പിച്ചുകൊലപ്പെടുത്തിയത്. 17കാർ വയോധികയെ വലിച്ചുകൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് അറസ്റ്റ്.

കഴിഞ്ഞദിവസമാണ് ഒരു കടയ്ക്കുമുന്നിൽ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ പീഡനം നടന്നെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി 17കാരനാണെന്ന് തെളിഞ്ഞത്. പ്രായാധിക്യം മൂലം ബുദ്ധിമുട്ടിയിരുന്ന ഇവർക്ക് സമീപവാസികളാണ് ഭക്ഷണം നൽകിയിരുന്നത്. റോഡരികിൽ കിടന്ന ഇവരെ ഒരു ചെറുപ്പക്കാരൻ വലിച്ചുകൊണ്ടുപോകുന്നത് സി.സി.ടി.വി. ക്യാമറകളിൽ പതിഞ്ഞിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സംശയകരമായ സാഹചര്യത്തിൽ അലഞ്ഞുനടന്ന ചെറുപ്പക്കാരനെ പിടികൂടുകയായിരുന്നു. ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചു. മെഡിക്കൽ പരിശോധനയിൽ 17-കാരനാണ് പീഡനം നടത്തിയതെന്ന് വ്യക്തമായി.