- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനൊപ്പം സ്‌കൂട്ടറിൽ പോകവേ ബസിടിച്ച് വിദ്യാർത്ഥിനി മരിച്ചു
കൊല്ലം: എൻജിനീയറിങ് കോളജ് വിദ്യാർത്ഥിനി കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിടിച്ചു മരിച്ചു. അച്ഛനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ബസ് ഇടിച്ച് റോഡിലേക്ക് വീണാണ് അപകടം. തൃക്കടവൂർ മതിലിൽ കുന്നത്തു കിഴക്കതിൽ ദിലീപിന്റെ മകൾ ഗോപിക (20) ആണു മരിച്ചത്. പരുക്കേറ്റ ദിലീപിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 7.45നു കൊല്ലം റെയിൽവേ സ്റ്റേഷനു സമീപത്താണ് ഗോപികയുടെ ജീവനെടുത്ത അപകടം ഉണ്ടായത്. തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന ബസ് സ്‌കൂട്ടറിനെ മറികടക്കുന്നതിനിടയിലാണ് അപകടം. റോഡിലേക്ക് ഇറങ്ങിയ സൈക്കിൾ യാത്രക്കാരനെ സ്‌കൂട്ടർ ഇടിക്കാതിരിക്കാൻ ശ്രമിക്കവേയായിരുന്നു അപകടം. ഇതിനിടയിൽ സ്‌കൂട്ടർ മറിയുകയും ഗോപികയുടെ തലയിലൂടെ ബസിന്റെ പിൻചക്രം കയറുകയുമായിരുന്നു.
ദിലീപിനും വീണു കയ്യിനും കാലിനും പരുക്കേറ്റു. കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ രണ്ടാം വർഷ ഇലക്ട്രോണിക്‌സ് വിദ്യാർത്ഥിനിയായ ഗോപിക പ്രോജക്ട് തയാറാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തേക്കു പോകുന്നതിനു റെയിൽവേ സ്റ്റേഷനിലേക്കു വരികയായിരുന്നു. സ്റ്റേഷന്റെ പ്രധാനകവാടത്തിന് 20 മീറ്ററിന് അകലെയാണ് അപകടം നടന്നത്. സംസ്‌കാരം നടത്തി. മാതാവ്: സിനി. സഹോദരി: ദേവിക.



