തൊടുപുഴ: അഞ്ച് ആദിവാസിക്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സർക്കാർ ഉദ്യോഗസ്ഥനെ കോടതി റിമാൻഡ് ചെയ്തു. കൊല്ലം പാവുമ്പ മണപ്പിള്ളി രാജീവ് ഭവനിൽ രാജീവ്(41) നെയാണ് തൊടുപുഴ പൊലീസ് അറസ്റ്റുചെയ്തത്. ഹോസ്റ്റലിൽ താമസിച്ചിരുന്ന പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്.

ആറുവർഷമായി ഇടുക്കി ജില്ലയിലാണ് ഇയാൾ ജോലി ചെയ്തുവരുന്നത്. കഴിഞ്ഞ 26-നാണ് കേസിനിടയാക്കിയ സംഭവം. ഹോസ്റ്റലിൽ താമസിച്ചിരുന്ന കുട്ടികൾ പീഡനവിവരം പ്രതിയുടെ സഹപ്രവർത്തകനെ അറിയിച്ചതോടെയാണ് വിവരം പുറത്തായത്. ഇദ്ദേഹം സംയോജിത പട്ടികവർഗ വികസനവകുപ്പ് പ്രോജക്ട് ഓഫീസറെ വിവരം അറിയിച്ചു. ഇദ്ദേഹമാണ് പൊലീസിന് വിവരം കൈമാറിയത്. 30-ന് രാവിലെ വാടക വീട്ടിൽനിന്നാണ് രാജീവിനെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.

കുട്ടികളെ വൈദ്യപരിശോധനയ്ക്കുശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പ്രതിയെ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.