വയനാട്: സുൽത്താൻ ബത്തേരി മൈസൂരു പാതയിൽ യാത്രക്കാർക്ക് നേരെ കാട്ടാനയുടെ ആക്രമണം. രണ്ട് പേർ തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ഇതുവഴി യാത്ര ചെയ്തിരുന്ന തലപ്പുഴ കണ്ണോത്തുമല സ്വദേശി സവാദാണ് യാത്രക്കാരെ ആന ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ പകർത്തിയത്.

രണ്ട് യാത്രക്കാരെ കാട്ടാന ഓടിക്കുന്നത് കാണാം. ഓടി രക്ഷപ്പെടുന്നതിനിടെ ഒരാൾ താഴെ വീഴുന്നുണ്ട്. അതേ സമയം, യാതൊരു പ്രകോപനവും കൂടാതെ കാട്ടാന ഇങ്ങനെ ആക്രമിക്കില്ലെന്നാണ് വനംവകുപ്പ് അധികൃതരുടെ നിരീക്ഷണം.

വയനാട് വന്യജീവിസങ്കേതത്തിൽ റോഡരികിൽ ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോഴായിരുന്നു സഞ്ചാരികളെ കാട്ടാന ആക്രമിച്ചത്. ഇന്നലെ രാവിലെ ബത്തേരി മൈസൂരു ദേശീയപാതയിൽ മുത്തങ്ങയ്ക്കടുത്താണ് സംഭവം. കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്താൻ ഇറങ്ങിയവരുടെ നേരെ ആന ഓടിയടുക്കുന്നതും ഒരാൾ താഴെ വീഴുന്നതും ദൃശ്യത്തിലുണ്ട്.

കാറിൽ നിന്നിറങ്ങി സമീപത്തെ വനത്തിൽ നിന്നിരുന്ന കാട്ടാനകളുടെ ദൃശ്യം പകർത്തുകയായിരുന്നു രണ്ടു പേർ. കുട്ടി അടക്കം മൂന്ന് ആനകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാന ഇവർക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. ആന വരുന്നത് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരാൾ താഴെ വീണു. ഇയാളെ കാലുകൊണ്ട് ആന തട്ടാൻ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ഈ സമയം ഇതുവഴി ഒരു ലോറി വന്നതിനാൽ ആനയുടെ ശ്രദ്ധതിരിഞ്ഞ് പിന്മാറിയതിനാൽ മാത്രമാണ് ഇവർ രക്ഷപ്പെട്ടത്. വാഹനത്തിന്റെ നമ്പർ അനുസരിച്ച് ആന്ധ്രാപ്രദേശ് സ്വദേശികളാണെന്നാണ് സംശയിക്കുന്നത്.