ആലപ്പുഴ: തുറവൂരിൽ മുഖം മറച്ചെത്തിയ മൂന്നംഗ കവർച്ചാസംഘം വീട്ടമ്മയുടെ ഒന്നര പവന്റെ മാല കവർന്നു. തുറവൂർ ആലുന്തറ വീട്ടിൽ ലീലയുടെ മാലയാണ് മോഷണം പോയത്. പ്രദേശത്തെ അഞ്ചുവീടുകളിൽ മോഷണശ്രമവും നടന്നു. കഴിഞ്ഞദിവസം പുലർച്ചെയാണ് തുറവൂരിൽ മോഷ്ടാക്കൾ ഭീതിപരത്തിയത്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ആലുന്തറ വീട്ടിൽ ലീലയുടെ വീട്ടിൽ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ കടന്നത്. കഴുത്തിൽ കിടന്ന മലയിൽ പിടിച്ചുവലിച്ചപ്പോൾ ഞെട്ടിയുണർന്ന ലീല നിലവിളിച്ചു. നിലവിളിയും ബഹളവുംകേട്ട് ഉണർന്ന സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മറ്റുചില വീടുകളുടെ അടുക്കളവാതിൽ പൊളിച്ചതും ചില വീടുകളുടെ വാതിൽ പൊളിക്കാൻ ശ്രമം നടന്നതായും കണ്ടെത്തിയത്.

തുറവൂർ കളരിക്കൽ മണ്ണാപറമ്പ് അരവിന്ദൻ, ഗാനപ്രിയയിൽ ശെൽവരത്നം, അരേശേരി സെബാസ്റ്റ്യൻ, ആലുന്തറ ജയിൻ, അറക്കൽ പ്രിയ എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. ഇവിടെ വാതിലുകൾ കുത്തിത്തുറന്നനിലയിലായിരുന്നു. കുത്തിയതോട് പൊലീസും പഞ്ചായത്ത് അംഗം കെ.ആർ.രൺഷുവിന്റെ നേതൃത്വത്തിലുള്ള പ്രദേശവാസികളും ചേർന്ന് മേഖലയിൽ പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല.

ഇതിനിടെ സമീപത്തെ സ്ഥാപനത്തിലെ സിസിടിവി ക്യാമറയിൽനിന്ന് മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അർധനഗ്‌നരായി മുഖംമുറച്ച് കൈയുറകൾ ധരിച്ച് നടന്നുപോകുന്ന മൂന്നുപേരുടെ ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയിൽ പതിഞ്ഞത്. പൊലീസും ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്ധരും മോഷണശ്രമം നടന്ന വീടുകളിൽ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾ ഇതരസംസ്ഥാനക്കാരാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.